സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരികെയെത്താന്‍ ഇനിയും വൈകും
നാസയിലെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ ഭൂമിയിലെത്താന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. പത്ത് മാസത്തോളം ഇരുവരും ബഹികാരാകാശത്ത് ഇനിയും തുടരേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഫെബ്രുവരിയില്‍ സ്പെയ്സ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ പേടകത്തില്‍ തിരികെയെത്തിക്കുമെന്നായിരുന്നു നാസ അവസാനമായി തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ജൂണ്‍ 5നാണ് സ്റ്റാര്‍ലൈനര്‍ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും ബഹിരാകാശത്തെത്തിച്ചത്. ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും കാരണം സ്റ്റാര്‍ലൈനറില്‍ തന്നെ തിരികെയത്താനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് ഇരുവരും ബഹിരാകാശ നിലയത്തില്‍ തങ്ങുകയായിരുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സെപ്തംബര്‍ 7ന് ബോയിങ് സ്റ്റാര്‍ലൈനര്‍ യാത്രക്കാരില്ലാതെ തിരിച്ചിറക്കേണ്ടി വന്നു.
ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഏപ്രില്‍ മാസം വരെ ഇവര്‍ ബഹിരാകാശത്ത് തന്നെ തുടരേണ്ടിവരും. ഒരു പുതിയ സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ ക്യാപ്സൂളിനുള്ള തയ്യാറെടുപ്പുകളാണ് കാലതാമസത്തിന് കാരണമെന്നാണ് അറിയുന്നത്.