വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് സുഹൃത്തുക്കൾ; രക്ഷകനായത് അഞ്ചാം ക്ലാസുകാരൻ
വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥി. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് സിദാനാണ് അവസരോചിതമായ ഇടപെടലിലൂടെ സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ചത്.
ബുധനാഴ്ച രാവിലെ സ്കൂളിലേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. സിദാനൊപ്പം സുഹൃത്തുക്കളായ മുഹമ്മദ് റാജിഹും, ഷഹജാസും ഉണ്ടായിരുന്നു. റാജിഹ് തട്ടിക്കളിച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടിൽ തൊട്ടടുത്ത പറമ്പിലേക്ക് വീണു. ഇത് എടുക്കാനായി മതിലിൽ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതിയപ്പോൾ പിടിച്ചതു തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലായിരുന്നു . ഫ്യൂസ് കാരിയറിന്റെ ഇടയിൽ കൈകുടുങ്ങി റാജിഹിന് ഷോക്കടിക്കുകയായിരുന്നു.
താഴേക്കു തൂങ്ങിക്കിടന്നു പിടയുന്നതു കണ്ട് കാലിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചതോടെ ഷഹജാസിനും ചെറിയതോതിൽ ഷോക്കേറ്റു. ഇതോടെയാണ് റാജിഹിനു ഷോക്കേറ്റതാണെന്ന് ഇവർ അറിയുന്നത്. ഉടൻ തന്നെ മുഹമ്മദ് സിദാൻ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പുകൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു. കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ ഉടൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സനൽകി.
വീട്ടിൽ മുൻപ് ഉണ്ടായ അപകടത്തിൽ നിന്നാണ് ഷോക്കേറ്റാൽ ഉണങ്ങിയ വടികൊണ്ട് തട്ടിമാറ്റുന്ന അറിവു ലഭിച്ചതെന്നു സിദാൻ പറഞ്ഞു. കൂട്ടുകാരുടെ ജീവൻ രക്ഷിക്കാൻ മനസാന്നിധ്യത്തോടെ ഇടപെട്ട മുഹമ്മദ് സിദാനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫോണിലൂടെ അഭിനന്ദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎയും സ്റ്റാഫ് കൗൺസിലും സിദാനെ അനുമോദിച്ചു.