യുഎൻ സമാധാന സേനയുടെ ആക്ടിംഗ് കമാൻഡർ അമിതാഭ് ഝാ അന്തരിച്ചു
യുഎൻ സമാധാന സേനയുടെ ആക്ടിംഗ് കമാൻഡർ ബ്രിഗേഡിയർ അമിതാഭ് ഝാ അന്തരിച്ചു. മരിക്കുമ്പോൾ മിഷൻ്റെ ആക്ടിംഗ് ഫോഴ്സ് കമാൻഡർ കൂടിയായിരുന്നു ബ്രിഗേഡിയർ ഝാ. അമിതാഭ് ഝായുടെ കുടുംബത്തോട് ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി. ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന സൈനിക നേതാക്കൾ അനുശോചനം അറിയിച്ചു.
അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ നിലവിൽ ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. രാജ്യത്തിനും അന്താരാഷ്ട്ര സമൂഹത്തിനും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ സേവനത്തിന് യോജിച്ച തരത്തിലുള്ള ഒരു യാത്രയയപ്പിനായി ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ബ്രിഗേഡിയർ ഝായെ വിന്യസിച്ച ഗോലാൻ കുന്നുകൾ സംഘർഷഭരിതമായ ഒരു മേഖലയാണ്. 1974 മുതൽ UNDOF നിരീക്ഷിക്കുന്ന ഈ പ്രദേശം ഇസ്രായേലിനും സിറിയയ്ക്കും ഇടയിലുള്ള ഒരു ബഫർ സോണാണ്. ഷെല്ലാക്രമണവും ഇടയ്ക്കിടെയുള്ള വെടിവയ്പ്പുകളും സമാധാന സേനാംഗങ്ങൾക്കും സാധാരണ ജനങ്ങൾക്കും സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ബ്രിഗേഡിയർ ഝാ ഉൾപ്പെടെയുള്ള സമാധാന സേന വെടിനിർത്തൽ കരാറുകൾ നിരീക്ഷിക്കുന്നതിലും, മാനുഷിക ശ്രമങ്ങൾ സുഗമമാക്കുന്നതിലും ക്രോസ് ഫയറിൽ അകപ്പെട്ട സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിഗേഡിയർ ഝായുടെ മരണം സായുധ സേനയ്ക്കും ആഗോള സമാധാന സേനയ്ക്കും വലിയ നഷ്ടമാണ്.