ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് നാളെമുതല്‍; ഇന്ത്യയ്ക്ക് നിര്‍ണായകം
ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മെല്‍ബണില്‍ നാളെ തുടക്കം. ഇന്ത്യൻ സമയം രാവിലെ 5 ന് മത്സരം ആരംഭിക്കും. നായകന് രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരുടെ മോശം ഫോമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. ഓസ്ട്രേലിയന്‍ നിരയില്‍ 19 കാരന് സാം കോണ്‍സ്റ്റാസ് നാളെ അരങ്ങേറ്റം കുറിക്കും.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഭാവി നാളെ തുടങ്ങുന്ന ടെസ്റ്റിൽ അറിയാൻ കഴിയും. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ കളി ജയിച്ചു. ഒരെണ്ണം സമനിലയായി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ഇന്ത്യ നിലവില്‍ മൂന്നാമതാണ്. നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ഫൈനല്‍ പ്രതീക്ഷ ഇന്ത്യക്ക് നിലനിര്‍ത്താനാകും. പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതും, ഓസ്ട്രേലിയ രണ്ടാമതുമാണ്.
ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുന. മുഹമ്മദ് സിറാജിനും ആകാശ് ദീപിനും മികച്ച പിന്തുണ നല്‍കാനാകുന്നില്ല. സ്പിന്നറായി രവീന്ദ്ര ജഡേജ തുടര്‍ന്നേക്കും. അഡ്ലെയ്ഡില് ബാറ്റിങ്ങിൽ ജഡേജ തിളങ്ങിയിരുന്നു. മെല്‍ബണില്‍ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ വ്യക്തമാക്കി. ആദ്യദിനം മുതല്‍ പേസര്‍മാര്‍ക്ക് ആധിപത്യം ലഭിക്കുമെന്നാണ് വിവരം.
ഓസീസ് നിരയില്‍ യുവതാരം സാം കോണ്സ്റ്റാഡ് ഓപ്പണറായി അരങ്ങേറും. നേഥന്‍ മക്സ്വീനിക്ക് പകരമാണ് കോണ്സ്റ്റാഡ് ടീമിലെത്തിയത്. പരിക്കേറ്റ ജോഷ് ഹെയ്സല്‍വുഡിന് പകരം സ്കോട്ട് ബോളണ്ടും ടീമിലെത്തും.