പിസി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ്; ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും
മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച ജോര്‍ജിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക), 295 എ (മതനിന്ദ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ 153 എ ജാമ്യമില്ലാ വകുപ്പായതിനാല്‍ പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത്തരം വകുപ്പുകളില്‍ ജാമ്യം നല്‍കുന്നതിനുള്ള വിവേചനാധികാരം മജിസ്ട്രേറ്റിനാണ്.
പിസി ജോര്‍ജിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യസംഘം എആര്‍ ക്യാമ്പിലെത്തി പരിശോധിച്ചു. പരിശോധനയ്ക്ക ശേഷം ഉടന്‍ തന്നെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെ പി.സി.ജോര്‍ജ്ജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തിരുവനന്തപുരം ഫോര്‍ട്ടു പൊലീസാണ് ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്തത്.
മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യം വേച്ചു കടുത്ത വിദ്വേഷജനകമായ പരാമര്‍ശങ്ങള്‍ നടത്തിയ പി.സി.ജോര്‍ജ്ജ് ഇന്ത്യ ഹിന്ദു രാഷ്ട്രം ആകണമെന്നും അഭിപ്രായപെട്ടിരുന്നു.
ലുലു മാള്‍ അടക്കമുള്ള സ്ഥപനങ്ങള്ക്കെതിരെയും മുസ്ലീം ഉടമസ്ഥതയിലുള്ള ഭക്ഷണശാലകള്ക്കെതിരേയും പി.സി.ജോര്‍ജ്ജ് നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡിജിപിക്കും, ഡിവൈഎഫ്ഐ പോലീസിനും പരാതി നല്‍കിയിരുന്നു.
Content Highlight: PC George arrested. To be presented before magistrate on hate speech