ഇനി അധികസമയമില്ല :ഇന്റർനെറ്റ്, ഫോണ്‍ സേവനങ്ങള്‍, ബഹിരാകാശ ദൗത്യങ്ങള്‍ ഒക്കെ തകർന്ന് തരിപ്പണമാകും????
കെസ്ലര് സിന്‍ഡ്രോം’ എന്നാല്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (ഭൂമിയുടെ താഴ്ന്ന ഭ്രമണപഥം) ബഹിരാകാശ മാലിന്യങ്ങള്‍ നിറഞ്ഞ് കൂട്ടിയിടി സംഭവിച്ചേക്കാമെന്ന ഹൈപ്പോതിസീസ് ആണ്. എന്നാല്‍ കെസ്ലര് സിന്‍ഡ്രോം യാഥാര്‍ഥ്യമാകുകയാണോ?
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞന്മാരായ ഡൊണള്‍ഡ് ജെ കെസ്ലറും ബര്‍ട്ടണ്‍ ജി കോര്‍-പലൈസും 1978-ല്‍ നിര്‍ദേശിച്ച ഒരു ബഹിരാകാശ സാഹചര്യമാണ് കെസ്ലര് സിന്‍ഡ്രോം. ‘കെസ്ലര് ഇഫക്ട്’ എന്ന ഒരു പേര് കൂടിയുണ്ട് ഇതിന്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളുടെയും മറ്റ് ബഹിരാകാശ വസ്തുക്കളുടെയും ആധിക്യം കാരണമുള്ള കൂട്ടിയിടി സാഹചര്യമാണ് കെസ്ലര് സിന്‍ഡ്രോം എന്നറിയപ്പെടുന്നത്.
ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ബഹിരാകാശ മാലിന്യങ്ങളുടെ അമിത സാന്ദ്രത കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും വരെ ഭീഷണിയാവുമെന്ന് ഈ കെസ്ലര് സിന്‍ഡ്രോം സിദ്ധാന്തം പ്രകാരം അനുമാനിക്കുന്നു.
കാലാവധി കഴിഞ്ഞ 3,500 സാറ്റ്ലൈറ്റുകള്‍ സഹിതം 14,000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും ചിന്നിച്ചിതറിയ 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്നത്. ഈ ബഹിരാകാശ മാലിന്യങ്ങളുടെ ആധിക്യം ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹങ്ങള്‍ അടക്കമുള്ളവയുടെ ആയുസിന് ഭീഷണിയോ എന്ന ആശങ്ക ഇപ്പോള്‍ ഒരു വിഭാഗം ഗവേഷകര്‍ക്കിടയിലുണ്ട്. 8,102 കിലോ ഭാരമുള്ള ഭീമാകാരമായ നിഷ്ക്രിയ ഉപഗ്രഹം എന്‍വിസാറ്റ് ഇത്തരത്തില്‍ വലിയ ബഹിരാകാശ ഭീഷണി സൃഷ്ടിക്കുന്ന മാലിന്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ്. ഭൂമിയില്‍ നിന്ന് 785 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് എന്വിസാറ്റിന്റെ സഞ്ചാരം. ഈ ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ 150 വര്‍ഷത്തേക്ക് ബഹിരാകാശത്ത് നിലനിന്നേക്കാം എന്നാണ് ഡോണ്‍ കെസ്ലര് 2012ല്‍ പ്രവചിച്ചത്.
കെസ്ലർ സിൻഡ്രോം എന്ന ഈ അവസ്ഥ ഭൂമിയിലെ ഇന്റർനെറ്റ്, ഫോണ്‍ സേവനങ്ങള്‍, ടെലിവിഷൻ, ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവ ഇല്ലാതാക്കിക്കൊണ്ട് ആഗോള ആശയവിനിമയങ്ങള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവ് ഭയാനകമായ തോതില്‍ ഉയരുന്നതിനാല്‍ തന്നെ, അടിയന്തര സാഹചര്യമാണെന്ന് നാസ പറയുന്നു.
14000ത്തിലേറെ സാറ്റ്ലൈറ്റുകള്‍, 120 ദശലക്ഷം അവശിഷ്ടങ്ങള്‍; ബഹിരാകാശത്ത് ആശങ്കയുടെ ട്രാഫിക് ജാം1978ല്‍ ഡൊണള്‍ഡ് ജെ കെസ്ലറും ബര്‍ട്ടണ്‍ ജി കോര്‍-പലൈസും മനസില്‍ കണക്കുകൂട്ടിയ ഹൈപ്പോതീസിസ് മാത്രമായിരുന്നു കെസ്ലര് സിന്‍ഡ്രോം എങ്കില്‍ ഈ ബഹിരാകാശ സാഹചര്യത്തെ കുറിച്ചുള്ള ഭയം ഒരുവിഭാഗം ശാസ്ത്രജ്ഞന്മാര്ക്കിടയില് ഇപ്പോള്‍ സജീവമായിക്കഴിഞ്ഞു. കെസ്ലര് സിന്‍ഡ്രോം സംജ്ജാതമായോ എന്നതിന് സ്ഥിരീകരണമില്ലെങ്കിലും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ വര്‍ധിക്കുന്നത് പ്രവര്‍ത്തനനിരതമായ സാറ്റ്ലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കും ഭാവി ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും കനത്ത ഭീഷണിയാണ്. സാറ്റ്ലൈറ്റുകളില്‍ കൂട്ടിയിടി സംഭവിച്ചാല്‍ ഒരു നിമിഷം കൊണ്ട് ഭൂമിയിലെ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വരെ വിച്ഛേദിക്കപ്പെട്ടേക്കാം.
ബഹിരാകാശ മാലിന്യങ്ങള്‍ മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയാകുമെന്ന ആശങ്കകള്‍ക്ക് ആക്കം കൂട്ടി കെനിയയില്‍ നിന്നൊരു വാര്‍ത്ത. ഏതോ ബഹിരാകാശ റോക്കറ്റിന്റെത് എന്ന് കരുതുന്ന കൂറ്റന്‍ ലോഹവളയം മണ്ണില്‍ പതിച്ചതിന്റെ ഞെട്ടലിലാണ് കെനിയയിലെ മുകുകു ഗ്രാമവാസികള്‍. ഈ ലോഹ കഷണത്തെ കുറിച്ച് കെനിയന്‍ സ്പേസ് ഏജന്‍സി അന്വേഷണം ആരംഭിച്ചു.ഏകദേശം 2.5 മീറ്റര്‍ വ്യാസവും 500 കിലോഗ്രാം ഭാരവുമുള്ള കൂറ്റന്‍ ലോഹവളയം കെനിയയില്‍ ആകാശത്ത് നിന്ന് പതിച്ചതായി കെനിയ സ്പേസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ഡിസംബര്‍ 30നാണ് ഈ ലോഹവളയം കെനിയയിലെ മുകുകു ഗ്രാമത്തില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പതിച്ചത്. ഇതൊരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ സെപ്പറേഷന്‍ റിങ് ആണെന്നാണ് കെനിയ ബഹിരാകാശ ഏജന്‍സിയുടെ പ്രാഥമിക നിഗമനം.
വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ കത്തിത്തീരുന്ന രീതിയിലോ കടല്‍ പോലുള്ള ആള്‍ത്താമസമില്ലാത്ത ഇടങ്ങളില്‍ പതിക്കുന്ന രീതിയിലോ ആണ് ഇവ സാധാരണയായി രൂപകല്പന ചെയ്യാറ്. ഈ ലോഹവളയം ഭൂമിയില്‍ പതിച്ചത് അസാധാരണ സംഭവമാണ്. രാജ്യാന്തര ബഹിരാകാശ നിയമങ്ങളുടെ ചട്ടക്കൂട് അനുസരിച്ച് ഈ സംഭവം അന്വേഷിക്കും എന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിശദ പരിശോധനകള്‍ക്കായി ലോഹവളയം വീണ പ്രദേശം കെനിയന്‍ സ്പേസ് ഏജന്‍സിയുടെ നിയന്ത്രണത്തിലാണ്.
ഇത് ബഹിരാകാശ മാലിന്യമല്ല എന്ന തര്‍ക്കവും സജീവമായിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ ചൂടായതിന്റെ യാതൊരു അടയാളവും ഈ ലോഹവളയത്തിന് കാണുന്നില്ലെന്നാണ് വാന നിരീക്ഷകനായ ജൊനാഥന് മക്ഡൊവെല്ലിന്റെ അഭിപ്രായം. അതേസമയം ബഹിരാകാശ അവശിഷ്ടങ്ങള്‍ യാതൊരു കേടുപാടുമില്ലാതെ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും സജീവം.
47,000ലികം ബഹിരാകാശ അവശിഷ്ടങ്ങളുടെ കഷ്ണങ്ങളും ചെറുതും കണ്ടെത്താത്തതുമായ ദശലക്ഷക്കണക്കിന് അവശിഷ്ടങ്ങളും ഭ്രമണപഥത്തിലുണ്ടെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഭ്രമണപഥത്തില്‍ ഇവയുടെ സഞ്ചാരം അതിവേഗത്തിലാണ്. ഇവയിലെ ചെറിയ കണങ്ങള്‍ പോലും ബഹിരാകാശ വാഹനങ്ങള്‍ക്കും ഉപഗ്രഹങ്ങള്കക്കും കേടുപാടുകള്‍ വരുത്താൻ കഴിയുന്നതാണ്.
സജീവമായുണ്ടായിരുന്ന ഒരു ഇറിഡിയം കമ്മ്യൂണിക്കേഷൻ ഉപഗ്രഹവും പ്രവർത്തന രഹിതമായ റഷ്യൻ കോസ്മോസ് ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടി വൻ തോതില്‍ അവശിഷ്ടങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉപഗ്രഹങ്ങളും അവശിഷ്ടങ്ങളും തമ്മില്‍ നിരവധി കൂട്ടിയിടികള്‍ 2023ല്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വലിയ തോതിലുള്ള കെസ്ലർ സിൻഡ്രോം അവസ്ഥക്ക് കാരണമായേക്കാം.
സമാനമായി സ്പേസ് എക്സ് കമ്പനിയുടെ സ്വകാര്യ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളും ലോ എര്‍ത്ത് ഓര്‍ബിറ്റിന് ഭീഷണിയാകുമോ എന്ന എന്ന ആശങ്കകളുണ്ട്. വലിപ്പം കുറവെങ്കിലും നിലവില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ള ഉപഗ്രഹങ്ങളുടെ ഇരട്ടി സാറ്റ്ലൈറ്റുകള്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയുടെ ഭാഗമായി വിക്ഷേപിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി.