ബഹിരാകാശത്ത് പയർ വിത്തുകൾ മുളപ്പിച്ച് ഐഎസ്ആര്‍ഒ
ബഹിരാകാശത്ത് ഇന്ത്യക്ക് പ്രതീക്ഷയുടെ പുത്തന്‍ മുളപൊട്ടല്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ സ്പേഡെക്സ് ദൗത്യത്തിനൊപ്പം വിക്ഷേപിച്ച എട്ട് പയര്‍ വിത്തുകള്‍ നാലാം ദിനം മുളച്ചു എന്നതാണ് സന്തോഷകരമായ വാര്‍ത്ത. മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനായായിരുന്നു ഇസ്രൊയുടെ ഈ പരീക്ഷണം. ഈ സന്തോഷവാർത്ത ഇസ്രൊ എക്സിലൂടെയാണ് അറിയിച്ചത്. ഇസ്രൊയുടെയും 140ലേറെ കോടി വരുന്ന ഇന്ത്യക്കാരുടെയും പ്രതീക്ഷകള്‍ക്ക് ചിറകുവിരിച്ച് ക്രോപ്സ് പേലോഡിലെ പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വിരിഞ്ഞു എന്നാണ് ഇന്ന് ഐഎസ്ആര്‍ഒയുടെ പുതിയ അറിയിപ്പ്.
തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററാണ് ക്രോപ്സ് പേലോഡ് നിര്‍മിച്ചത് എന്നത് ഈ പരീക്ഷണ വിജയം കേരളത്തിന് ഇരട്ടിമധുരമായി. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച പിഎസ്എല്‍വി-സി60 റോക്കറ്റിലെ പോയം-4ലുള്ള പേലോഡുകളില്‍ ഒന്നിലായിരുന്നു ഈ വിത്തുകളുണ്ടായിരുന്നത്. ഡിസംബർ 30ന് ഇന്ത്യയുടെ ആദ്യ ഡോക്കിങ് പരീക്ഷണമായ സ്പേഡെക്സ് ദൗത്യത്തിനായാണ് പിഎസ്എൽവി സി60 റോക്കറ്റ് വിക്ഷേപിക്കുന്നത്.
പിഎസ്എല്‍വി വിക്ഷേപണ വാഹനത്തിലെ ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റ് മൊഡ്യൂള്‍ അഥവാ പോയം-4 (POEM-4)ന്റെ ഭാഗമായുള്ള 24 ശാസ്ത്രീയ പരീക്ഷണങ്ങളിലൊന്നാണ് ക്രോപ്സ് പേലോഡ്. ബഹിരാകാശ ഗവേഷണ രംഗത്തെ കൂട്ടായ പ്രയത്നത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒയും ശാസ്ത്ര-സാങ്കേതിക പഠന സ്ഥാപനങ്ങളുമാണ് ഈ 24 പേലോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ക്രോപ്സ് പേലോഡിലെ പയര്‍ വിത്തുകളുടെ വളര്‍ച്ച അളക്കാനും രേഖപ്പെടുത്താനും ഹൈ-റെസലൂഷന്‍ ക്യാമറ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പേലോഡിലെ ഓക്സിജന്‍, കാര്‍ബണ്‍ ഡയോക്സൈഡ് വിവരങ്ങളും ഈര്‍പ്പവും പേലോഡിലെ വിവിധ ഉപകരണങ്ങള്‍ അടയാളപ്പെടുത്തും.
മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനാണ് ഐഎസ്ആര്‍ഒ ക്രോപ്സ് പേലോഡ് സ്പേഡെക്സ് വിക്ഷേപണത്തിനൊപ്പം അയച്ചത്. ബഹിരാകാശ സാഹചര്യങ്ങളില്‍ ചെടികളും സസ്യങ്ങളും എങ്ങനെ വളരും എന്ന കാര്യത്തില്‍ സുപ്രധാന വിവരങ്ങള്‍ ഈ പരീക്ഷണത്തിലൂടെ ഇസ്രൊ ലക്ഷ്യംവയ്ക്കുന്നു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ നിര്‍മിച്ച ഈ ക്രോപ്സ് പേലോഡില്‍ എട്ട് പയര്‍മണികളാണ് നിക്ഷേപിച്ചിരിക്കുന്നത്. താപനില ക്രമീകരിച്ച പ്രത്യേക അറകളില്‍ വിന്യസിച്ചിരിക്കുന്ന ഇവ നാല് ദിവസം കൊണ്ട് മുളച്ചു. ഉടന്‍ ഇലകള്‍ വിരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് വിവരങ്ങള്‍ പങ്കിട്ടുകൊണ്ട് ഇസ്രൊയുടെ ട്വീറ്റ്. ബഹിരാകാശത്ത് മുളച്ച പയര്‍വിത്തുകള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്ത ചിത്രത്തില്‍ കാണാം.
റോക്കറ്റിലെ ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റല്‍ മൊഡ്യൂള്‍ അഥവാ പോയം-4ല്‍ ഘടിപ്പിച്ചിരുന്ന പേലോഡുകളില്‍ ഒന്നിലായിരുന്നു എട്ട് പയര്‍വിത്തുകളുണ്ടായിരുന്നത്.ഇവയ്ക്ക് ഇലകള്‍ ഉടന്‍ വിരിയുമെന്ന പ്രതീക്ഷയും അന്ന് ഇസ്രൊ ട്വീറ്റിലൂടെ പങ്കുവെച്ചു.പയര്‍ വിത്തുകളുടെ വളര്‍ച്ച അളക്കാനും രേഖപ്പെടുത്താനും ഉപയോഗിക്കുന്ന ഹൈ-റെസലൂഷന്‍ ക്യാമറയാണ് ഇലകള്‍ വിരിഞ്ഞ പയര്‍വിത്തുകളുടെ ചിത്രം പകര്‍ത്തിയത്.