ആവേശത്തിൽ എടുത്ത് ചാടി ഇപ്പോൾ പിടിവിട്ട് നട്ടം തിരിയുകയാണ് ഇസ്രായേല്‍
ആവേശത്തില്‍ തുടങ്ങിവെച്ച് പോയതാണെങ്കിലും ഇപ്പോള്‍ കൈയ്യിലൊതുങ്ങാത്ത വിധം യുദ്ധത്തിന്റെ പിടിവിട്ട് നട്ടം തിരിയുകയാണ് ബെഞ്ചമിൻ നെതന്യാഹു.അതിനിടയിലാണ് ഇറാൻ അതിൻ്റെ പ്രതിരോധ ചെലവുകള്‍ വർധിപ്പിച്ചെന്ന വാർത്തകളും പുറത്ത് വരുന്നത്. അത് ഇസ്രയേലിനെ കൂടുതല്‍ പ്രതിരോധത്തിലേക്കാണ് കൊണ്ടെത്തിക്കുകയെന്നതില് സംശയമൊന്നുമില്ല.
ഇസ്രയേലിന്റെ എക്കാലത്തെയും ഏറ്റവും വലിയ ഭീഷണിയായ ഇറാനെയും അതിന്റെ പ്രോക്സികള്‍ക്കെതിരെയും ശക്തമായി പിടിച്ചു നില്ക്കാൻ രാജ്യം ശ്രമിക്കുന്നതായി നെതന്യാഹു പറഞ്ഞു. ഗാസയില്‍ കാര്യമായ പ്രഹരം സൃഷ്ടിക്കാൻ ശ്രമിച്ച ഇസ്രയേലിന് ഇറാന്റെ കയ്യില്‍ നിന്നും എട്ടിന്റെ പണിയാണ് കിട്ടിയത്. ഇപ്പോഴും ഇറാന്റെ ഭീഷണിയില്‍ തന്നെയാണ് തങ്ങളെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇറാൻ്റെ സൈനിക സഖ്യകക്ഷികളില്‍ നിന്നുള്ള ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇസ്രയേല്‍ പറഞ്ഞു.
അതിന്റെ ഫലമായി തന്നെ ഇറാൻ ജൂത രാഷ്ട്രത്തിൻ്റെ ഏറ്റവും വലിയ ഭീഷണിയായി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രതിരോധ ചെലവുകള്‍ക്കായി ശുപാർശകള്‍ നല്കുന്ന നഗല്‍ കമ്മിറ്റി കൂടുതല്‍ അവലോകനത്തിനായി അവരുടെ കണ്ടെത്തലുകള്‍ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്, ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ച് എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ട്.
അതിനിടയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട ഇസ്രയേലിന്റെ പ്രതിച്ഛായ വീണ്ടും മിനുക്കിയെടുക്കാനുള്ള ശ്രമങ്ങളില്‍ കൂടിയാണ് ഇസ്രയേല്‍. ഗാസയില്‍ ഉണ്ടായ ഇസ്രയേലിന്റെ വംശഹത്യയില്‍ ഒരുപാട് നാശനഷ്ങ്ങളാണ് രാജ്യത്തിനുണ്ടായത്. ഇതിനെ മറികടക്കാൻ ‘പൊതു നയതന്ത്ര’ത്തിനായുള്ള വാർഷിക ബജറ്റ് 150 മില്യണ്‍ ഡോളറായി വർദ്ധിപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 മടങ്ങ് അധികമാണ്.ഇസ്രയേലിൻ്റെ നയങ്ങള്‍ക്കും പ്രവർത്തനങ്ങള്‍ക്കുമെതിരെ ആഗോളതലത്തില്‍ ഉയർന്ന് വന്ന പ്രതിഷേധങ്ങളെ ചെറുക്കാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് ഇപ്പോള്‍ ബജറ്റിലുണ്ടായ ഈ കുതിപ്പ് .
അധിക ശക്തികളില്‍ നിന്നുള്ള ഭീഷണികള്‍ ഉയരുന്നത് തടയാൻ തങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും ഇസ്രയേല്‍ വ്യക്തമാക്കി. അമേരിക്കയുടെ ഒത്താശയില്‍ നടപ്പിലായ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തല്‍ നിലവില്‍ വന്നിട്ടും നിരവധി ലംഘനങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ഇസ്രയേലിൻ്റെ നയങ്ങള്‍ക്കും പ്രവർത്തനങ്ങള്‍ക്കുമെതിരെ ആഗോളതലത്തില്‍ ഉയർന്ന് വന്ന പ്രതിഷേധങ്ങളെ ചെറുക്കാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് ഇപ്പോള്‍ ബജറ്റിലുണ്ടായ ഈ കുതിച്ച് ചാട്ടമെന്ന് തന്നെ പറയാം. ഹമാസുമായി നടത്തുന്ന യുദ്ധത്തില്‍ കാര്യമായി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും ലോകത്തിന് മുന്നില്‍ വെള്ളപൂശിക്കാണിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം എത്രത്തോളം നാണംകെട്ടതാണെന്ന് പറയാതെ വയ്യ.
തിരിച്ചടികളില്‍ നിന്നും പാഠം പഠിക്കാത്ത ഇസ്രയേലിനെ തറപറ്റിക്കാൻ തന്നെയാണ് ഇറാന്റെ തീരുമാനം. ഇറാൻ സായുധ സേന കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യോമ പ്രതിരോധ രംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേജർ ജനറല്‍ ഹുസൈൻ സലാമി. ഇറാനിയൻ സൈനിക സേന തങ്ങളുടെ ആയുധങ്ങളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിനും യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ പരിശീലനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭീഷണികളെ പ്രതിരോധിക്കാൻ വേണ്ടി സൈനിക ശേഷി ഇനിയും ശക്തിപ്പെടുത്താനും തങ്ങള്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പേർഷ്യൻ ഗള്‍ഫിൻ്റെയും ഒമാൻ കടലിൻ്റെയും തീരത്ത് രണ്ട് പുതിയ ഭൂഗർഭ മിസൈലുകളും ഫ്ലോട്ടിംഗ് നഗരങ്ങളും ഇറാൻ അവതരിപ്പിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ വകുപ്പ് മേധാവിയായ ബ്രിഗേഡിയർ ജനറല്‍ അലി മുഹമ്മദ് നൈനി അറിയിച്ചു.
പൂർണ തയ്യാറെടുപ്പുകളോടെ ശത്രുവിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇറാൻ. ഇനിയും ഒരു ആക്രമണത്തിന് ഇസ്രയേല്‍ മുതിർന്നാല്‍ സർവ്വനാശമായിരിക്കും ഫലമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. എല്ലാ വിധ പ്രതിരോധ പ്രവർത്തനങ്ങളാലും ഇറാൻ സൈന്യം സജ്ജമാണ്. ആക്രമണത്തിന്റെ ഒരു സൂചന ലഭിച്ചാല്‍ പോലും അതിന് ഇസ്രയേലിന് ലഭിക്കുന്ന മറുപടി വലുതായിരിക്കും. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ പരമാധികാരത്തിനെതിരായെത്തുന്ന ഏത് ഭീഷണികളെയും സായുധ സേന ശക്തമായി തന്നെ നേരിടുമെന്നതില്‍ സംശയമൊന്നുമില്ല. സൈനിക വിദഗ്ധരുടെ അഭിപ്രായത്തില്‍, സൈന്യത്തിന്റെ ഈ പ്രാവീണ്യം രാജ്യത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക നേട്ടങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.ചുരുക്കത്തിൽ അടങ്ങിയിരുന്നാൽ വലിയ തട്ടുകേടൊന്നും ഇല്ലാതെ പിടിച്ചുനിൽക്കാമെന്ന് സാരം .