നൂറിലേറെ വിദ്യാര്‍ഥിനികളെ ഷര്‍ട്ട് ഊരിമാറ്റി വീട്ടിലേക്ക് അയച്ചു; പ്രിന്‍സിപ്പലിനെതിരെ പരാതി, അന്വേഷണം
ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ഒരു സ്വകാര്യ സ്കൂളില്‍ പത്താം ക്ലാസിലെ 100ലധികം വിദ്യാര്‍ഥിനികളോട് ഷര്‍ട്ട് അഴിച്ച് ബ്ലേസര്‍ മാത്രം ധരിച്ച് വീട്ടിലേക്ക് പോകാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചതായി പരാതി. കുട്ടികള്‍ ‘പെന്‍ ഡേ’ ആഘോഷിച്ചതിനാണ് പ്രിന്‍സിപ്പലിന്റെ വിവാദ നടപടി. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
ജോറാപോഖര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ദിഗ്വാദിയിലെ ഒരു പ്രശസ്തമായ സ്കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരീക്ഷ കഴിഞ്ഞ ശേഷം പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ പരസ്പരം ഷര്‍ട്ടുകളില്‍ സന്ദേശങ്ങള്‍ എഴുതി പെന്‍ ഡേ ആഘോഷിച്ചതിന്റെ പേരിലാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് വിവാദ നടപടിയെന്ന് മാതാപിതാക്കള്‍ ധന്‍ബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളെ ഷര്‍ട്ടുകള്‍ അടിയില്‍ ഇല്ലാതെ ബ്ലേസറുകള്‍ ധരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.