പാട്ടത്തിന് നല്കിയ ഹോട്ടല്‍ പൊളിച്ചുമാറ്റി; വെങ്കിടേഷിനും റാണ ദഗുബതിക്കുമെതിരെ കേസ്
മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്കിയ ഹോട്ടല്‍ നിയമവിരുദ്ധമായി പൊളിച്ചുമാറ്റിയതിന് നടന്മാരും ബന്ധുക്കളുമായ വെങ്കിടേഷ് ദഗുബതിക്കും റാണ ദഗുബതിക്കും, രണ്ടു കുടുംബാംഗങ്ങള്‍ക്കുമെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. വെങ്കിടേഷിന്റെ അനന്തരവന് ആണ് റാണ ദഗുബതി. റാണയുടെ പിതാവും സിനിമാ നിര്‍മാതാവുമായ സുരേഷ്, മറ്റൊരു നിര്‍മാതാവ് കൂടിയായ വെങ്കിടേഷിന്റെ സഹോദരന് അഭിറാം എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.
ദഗുബതി കുടുംബം ഫിലിം നഗറിലെ അവരുടെ വസ്തു നന്ദകുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ നന്ദകുമാര്‍ ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നടത്തിയിരുന്നു. അതിനിടെ പാട്ടക്കരാറിനെ ചൊല്ലി ദഗുബതി കുടുംബവും നന്ദകുമാറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും കോടതിയില്‍ എത്തുകയും ചെയ്തു. സിറ്റി സിവില്‍ കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഹോട്ടല്‍ പൊളിച്ചുമാറ്റിയത്. ഹോട്ടല്‍ പൊളിച്ചുമാറ്റല്‍ തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിന്റെ ലംഘനമാണെന്നും നന്ദ കുമാര്‍ ആരോപിച്ചു.