ആടുകളെ മേയ്ക്കാൻ പോയ സംഘത്തെ കാട്ടാന ആക്രമിച്ചു ;വീട്ടമ്മ കൊല്ലപ്പെട്ടു
കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ അമ്പത്തൊന്നു വയസ്സുള്ള സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു അപകടം . നിലമ്പൂർ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സരോജിനിയും, ഭർത്താവ് കരിയനും അടങ്ങുന്ന സംഘമാണ് വനത്തിലേക്ക് ആടുകളെ മേയ്ക്കാൻ പോയത്. ഒരു കൂട്ടം ആനകൾ ആക്രമിച്ചതോടെ എല്ലാവരും ചിതറിയോടി.
ഓട്ടത്തിനിടയിൽ സരോജിനി ആനകൾക്ക് മുന്നിൽ പെടുകയായിരുന്നു. തുമ്പിക്കൈ ഉപയോഗിച്ച് ആന ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരോജിനിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ഗുരുതരമായി ക്ഷതമേറ്റു. സംഭവസ്ഥലത്തു വെച്ച് തന്നെ സരോജിനി മരിച്ചു. ഇവരുടെ വീടിനോട് ചേർന്ന് 500 മീറ്റർ അകലെയാണ് സംഭവം നടന്നത്.