യുദ്ധത്തിന് അന്ത്യം; ഗാസയിൽ വെടിനിര്‍ത്തലിന് ഇസ്രയേൽ- ഹമാസ് ധാരണ
പതിനഞ്ച് മാസം നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ച് കൊണ്ട് ഗാസയിൽ താൽക്കാലിക വെടിനിർത്തൽ. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. അമേരിക്കയുടെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നടന്ന ചർച്ചകളെത്തുടർന്നാണ് വെടിനിർത്തൽ. മൂന്നുഘട്ട കരാറിനാണ് ധാരണയായിട്ടുള്ളത്. കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും.
ഇസ്രായേൽ- ഹമാസ് സമാധാന കരാർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ ചർച്ചകളുടെയും ഫലമാണെന്നും, സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു. ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
സമാധാന കരാർ ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും.