‘കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കും, പതിനൊന്ന് ലക്ഷത്തിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകും’; മന്ത്രി
കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഒ ആർ കേളു രംഗത്ത്. ഈ വിഷയം എല്ലാവരുമായും ഗൗരവതരമായി ചർച്ച ചെയ്യുമെന്നും കടുവയെ ഇന്ന് തന്നെ വെടിവെച്ച് കൊല്ലാനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. ജനങ്ങളുടെ സുരക്ഷയ്ക്ക് ആർആർടി സംഘത്തെ വിന്യസിപ്പിക്കും. ഫെൻസിംഗ് നടപടികൾ പരമാവധി വേഗത്തിലാക്കും. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കും. പതിനൊന്ന് ലക്ഷം രൂപ കുടുംബത്തിന് നൽകും. ഇതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകും. ബാക്കി തുക രേഖകൾ ലഭ്യമാക്കുന്ന മുറയ്ക്ക് അടുത്ത ദിവസം തന്നെ നൽകും. ഇതിന് പുറമെ കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
നരഭോജി കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളും തുടങ്ങി. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ ഉത്തരവ് നൽകിയെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കും. ചെയ്യാവുന്നതിൻ്റെ പരമാവധി സർക്കാർ ചെയ്യുമെന്നും ധനസഹായം ഉൾപ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.