തൊട്ടാൽ പൊള്ളും ATM കാർഡുകൾ ; ATM സർവീസ് ചാർജ് നിരക്ക് കൂട്ടാനൊരുങ്ങി RBI
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കൂടുതൽ പണമിടപാടുകളും ഓൺലൈനായി മാറിയ സാഹചര്യത്തിൽ നമ്മളിൽ ഭൂരിഭാഗം പേരും ഇപ്പോൾ യുപിഐ അടക്കമുള്ള സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ്. ശേഷിക്കുന്നവരിൽ അധികം പേരും പണം എടുക്കാൻ സമീപിക്കുന്നതാവട്ടെ എടിഎമ്മുകളെയും.
എന്നാൽ പണമിടപാടിനായി എടിഎം സ്ഥിരമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന മാറ്റത്തിന് ഒരുങ്ങുകയാണ് ആർബിഐ.പണമിടപാടുകള്‍ക്ക് എടിഎമ്മിനെ ആശ്രയിക്കുന്നവരാണ് എല്ലാവരും. അതിനാല്‍ തന്നെ ഇനി മുതല്‍ എടിഎം സേവനങ്ങള്‍ ചിലവേറുന്നത് സാധാരണ ഉപയോക്താക്കളെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല.
എടിഎം ഇടപാടുകളിൽ നിലവിലുള്ള സർവീസ് ചാർജുകൾ ഉയർത്താനുള്ള നീക്കമാണ് ഇപ്പോൾ ആർബിഐ നടത്തി കൊണ്ടിരിക്കുന്നത്. നിലവിൽ നൽകിയിരിക്കുന്ന അഞ്ച് സൗജന്യ ഇടപാടുകൾക്ക് അപ്പുറമുള്ള ട്രാൻസാക്ഷനുകളിൽ ഈടാക്കുന്ന ഫീസിനും എടിഎം ഇന്റർചേഞ്ച് ഫീസിലും സാരമായ വർധന തന്നെ ഏർപ്പെടുത്താൻ ആർബിഐ ആലോചിക്കുന്നതായാണ് വാർത്ത .
നിലവില്‍ 21 രൂപയില്‍ നിന്നും പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാനാണു ശുപാര്‍ശ. ഇതിനു പുറമേ, മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്ബോഴുള്ള ഇന്റര്‍ ബാങ്ക് ചാര്‍ജ് 17 രൂപയില്‍ നിന്നു 19 രൂപയാക്കാനും റിസര്‍വ് ബാങ്കിനോടു നാഷനല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തതായാണു റിപ്പോര്‍ട്ട്. എന്നാൽ ഇത് അപ്പാടെ ആർബിഐ അംഗീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എൻപിസിഐ, രാജ്യത്തെ വ്യവസായ പ്രമുഖരുമായി കൂടിയാലോചിച്ച ശേഷം, ഉപഭോക്താവ് അവരുടെ സൗജന്യ ഇടപാടുകളുടെ പരിധി തീർന്നതിന് ശേഷം നടത്തുന്ന പണമിടപാടിന് പരമാവധി ഫീസ് ഒരു ഇടപാടിന് 21ൽ നിന്ന് 22 ആയി ഉയർത്താൻ ശുപാർശ ചെയ്തുവെന്നാണ് റിപ്പോർട്ട്.
ഇതിന് പുറമെയാണ് പണമില്ലാത്ത ഇടപാടുകൾക്ക് 6ൽ നിന്ന് 7 ആയും വർധിപ്പിക്കാൻ എൻപിസിഐ ശുപാർശ ചെയ്തുവെന്നാണ് വിവരം. കേൾക്കുമ്പോൾ ചെറുതെന്ന് തോന്നിയാലും സ്ഥിരം ഇടപാടുകാരെ സംബന്ധിച്ച് ഈ തുക വലിയ ബാധ്യത ഉണ്ടാക്കും.
ഓരോ തവണയും ഒരു ബാങ്കിന്റെ ഉപഭോക്താവ് മറ്റൊരു ബാങ്ക് സ്ഥാപിച്ചിട്ടുള്ള എടിഎം ഉപയോഗിക്കുമ്പോൾ, മുൻ ബാങ്ക് രണ്ടാമത്തെ ബാങ്കിന് ഒരു നിശ്ചിത ഫീസ് നൽകേണ്ടിവരും. ഇതിനെയാണ് ഇന്റർചേഞ്ച് ഫീസ് എന്ന് വിളിക്കുന്നത്. ഈ രണ്ട് ഫീസുകൾ വർധിക്കുന്നതോടെ പതിവായി എടിഎം സേവനങ്ങളെ ആശ്രയിക്കുന്നവർക്ക് വലിയ തിരിച്ചടിയാവും.
നിലവിൽ, നോൺ-മെട്രോ നഗരങ്ങളിൽ ഉപഭോക്താവ് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളുടെ പരിധിയും ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ പണമിടപാട് പരിധിയും കവിഞ്ഞാൽ ഒരു എടിഎം പണമിടപാടിന് 21 രൂപ വരെ ഈടാക്കാൻ ആർബിഐ ബാങ്കുകളെ അനുവദിക്കുന്നുണ്ട്.
ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയാവുക സാധാരണക്കാർക്ക് തന്നെയാവും. കാരണം രാജ്യത്തെ ബഹുഭൂരിപക്ഷം സ്മാർട്ട്ഫോൺ ഉപഭോക്താക്കളും പണമിടപാടുകൾക്ക് യുപിഐയെയാണ് ആശ്രയിക്കുന്നത്. എന്നാൽ സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് എടിഎം തന്നെയാണ് പ്രധാന ഇടപാട് കേന്ദ്രം. മാത്രമല്ല ഗ്രാമീണ മേഖലയിൽ സ്വന്തം ബാങ്കിന്റെ എടിഎം കണ്ടുപിടിക്കാൻ സാധാരണക്കാർ ഇതോടെ നിർബന്ധിതരാവും, അല്ലാത്ത പക്ഷം അവർക്കും പിഴ നൽകേണ്ടി വരും.