സായിപ്പിന് മുന്നിൽ കവാത്ത് മറന്നോ ഇന്ത്യൻ ഭരണകൂടം??ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിൽ
ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിൽ.. മെക്സിക്കോയും കോളംബിയയും മാന്യമായി തങ്ങളുടെ പൗരന്മാരെ യാത്ര വിമാനത്തിൽ അയക്കണമെന്നും സൈനിക വിമാനം രാജ്യത്തിറങ്ങാൻ അനുവദിക്കില്ലായെന്നും കടുപിടുത്തം പിടിച്ചപ്പോൾ ട്രമ്പ് ഒന്ന് പേടിച്ചോ?…ചിലപ്പോൾ പേടിച്ചിട്ടുണ്ടാകാം . എന്തായാലും അവരെ യാത്ര വിമാനത്തിൽ തിരികെ നാട്ടിലേക്കയച്ചു.
എന്നാൽ നമ്മുടെ ഇന്ത്യയിൽ ആരും ഒരാവശ്യവും പറയാതിരുന്നത് കൊണ്ടാണോ എന്തോ ഇന്ത്യൻ കുടിയേറ്റക്കാരും തിരികെ നാട്ടിലെത്തി, ചെറിയൊരു വ്യത്യാസം മാത്രം ,കഴുത്തിൽ മാലയിടുമ്പോലെ ചെറിയൊരു ഡെക്കറേഷനോടെയാണ് അവരിങ്ങെത്തിയത് ,കാലിൽ ചങ്ങലയിട്ട് കുറ്റവാളികണക്കെ ഇന്ത്യക്കാരെ അമൃതസറിൽ സൈനിക വിമാനത്തിൽ കൊണ്ടിറക്കിയിട്ടുണ്ട്.
അമേരിക്ക പറയുന്നത് രേഖകൾ ഒക്കെ ഉള്ളവരെ തങ്ങൾ തിരിച്ചയച്ചിട്ടില്ല ,പകരം മെക്സിക്കൻ അതിർത്തി വഴി അനധികൃതമായി കടന്നു കയറിയവരെയാണ് ഇത്തരത്തിൽ തിരിച്ചയക്കുന്നത് എന്നാണ്. അനധികൃതമായി അമേരിക്കയിൽ കടന്നു കയറിയവരിൽ ഏതാണ്ട് ഒരു ലക്ഷം രൂപ വരെ ഏജന്റുമാർക്ക് കൊടുത്തവരും ഇക്കൂട്ടത്തിൽ ഉണ്ടത്രേ .ഇവരില്‍ ഭൂരിഭാഗവും ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീണവരാണ്.
നുഴന്നുകയറ്റം ശരിയാണ് എന്നൊന്നും അല്ല പറഞ്ഞു വരുന്നത്. ഒരു രാജ്യത്തേക്ക് കടക്കുമ്പോൾ പാലിക്കണ്ട എല്ലാ നടപടിക്രമംങ്ങളും പാലിച്ചു തന്നെ വേണം അങ്ങോട്ട് ചെല്ലാൻ.അത് അവരുടെ സുരക്ഷയുടെ ഭാഗമാണ് .അത് പാലിക്കേണ്ടത് ചെല്ലുന്നവരുടെ ഉത്തരവാദിത്ത തന്നെയാണ്.
പറഞ്ഞു വരുന്നത് അതല്ല ഇത്തരത്തിൽ എല്ലാ രാജ്യത്തിൽ നിന്നും അമേരിക്കയിലേക്ക് അനധികൃതമായി കയറിക്കൂടിയവരെ ട്രംപ് തിരിച്ചയച്ചിട്ടുണ്ട്…അയക്കുന്നുമുണ്ട്. എന്നാൽ മെക്സിക്കോയും കോളംബിയയും തങ്ങളുടെ പൗരന്മാരെ യാത്ര വിമാനത്തിൽ അയക്കണമെന്നും സൈനിക വിമാനം രാജ്യത്തിറങ്ങാൻ അനുവദിക്കില്ലായെന്നും കടുപിടുത്തം പിടിച്ചപ്പോൾ അമെരിക്കൻ പ്രസിഡന്സിന്റിനു അത് അനുസരിക്കേണ്ടി വന്നെങ്കിൽ പിന്നെന്തുകൊണ്ട് ഇന്ത്യൻ അധികൃതർക്ക് അങ്ങിനെ ആവശ്യപ്പെടാൻ സാധിച്ചില്ല എന്നതാണ് ചോദ്യം.
ഇതിനോട് ബന്ധിച്ചു പറയുമ്പോൾ ഇനി പറയാൻ പോകുന്നത് ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ഉരുക്ക് വനിതാ ഇന്ദിരാ ഗാന്ധിയെ കുറിച്ചാണ്.
1971-ലെ ബംഗ്ളാദേശ് യുദ്ധകാലത്ത് അമേരിക്ക ഇന്ത്യയെ ഒന്ന് പേടിപ്പിക്കാന്‍ ശ്രമിച്ചു. യുദ്ധം തുടങ്ങും മുമ്ബ് ഇന്ദിര ഗാന്ധി അമേരിക്കയില്‍ പ്രസിഡന്റ് നിക്സനെ കണ്ടിരുന്നു. പൊതുവെ എന്തും. വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് ഇന്ദിര. ഉള്ളിലുള്ള കാര്യം മറച്ചുവെയ്ക്കുന്ന സ്വഭാവം ഇന്ദിരയ്ക്കുണ്ടായിരുന്നില്ല.
പാക്കിസ്താന് നേതാവ് യഹിയ ഖാനോട് നിക്സന് കൂടുതല്‍ അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബംഗ്ളാദേശ് പ്രശ്നത്തില്‍ ഇന്ത്യയ്ക്ക് പിന്തുടണ നല്കാന് നിക്സന് വിസമ്മതിച്ചു. അത് അങ്ങനെയേ വരൂ എന്ന് ഇന്ദിരയ്ക്ക് അറിയാമായിരുന്നു. അതിന് കാരണവുമുണ്ട്. 1971-ല്‍ അമേരിക്കയില്‍ നടന്ന ഒരു സര്‍വ്വേയില്‍ ലോകത്തെ ഏറ്റവും ആരാദ്ധ്യയായ നേതാവായി ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടു. അന്ന് അമേരിക്കക്കാരുടെ മാനസിക വൈകല്യമാണ് ഇതിനു പിന്നിലെന്നായിരുന്നു നിക്സന് പറഞ്ഞത്.
അങ്ങിനെ നിക്സനെ കാണും മുമ്ബുതന്നെ ഇന്ദിരാഗാന്ധി മോസ്കോയാലെത്തി സോവിയറ്റ് റഷ്യയുടെ പ്രസിഡന്റ് ബ്രഷ്നേവിന്റെ പിന്തുണ ഉറപ്പാക്കി. 1971 ഡിസംബര്‍ മൂന്നിന് പാക്കിസ്താന് ഇന്ത്യയുടെ ചില വ്യോമസേന താവളങ്ങള്‍ ആക്രമിച്ചു. ഇതോടെ ഇന്ത്യ തിരിച്ചടിച്ചു. അതാണ് ഇന്ദിര എന്ന ഉരുക്കുവനിതയുടെ നിശ്ചയദാർഢ്യം.
ഇന്ത്യ -പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പാകിസ്ഥാനോടുള്ള പ്രത്യേക മമത മൂലം ഇന്ത്യയെ പേടിപ്പിക്കാന്‍ അമേരിക്ക ഏഴാം കപ്പല്‍ പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് വിട്ടു.
പിന്നാലെ വൈറ്റ് ഹൗസില്‍ നിന്ന് ഒരു ഫോണ്‍ കാള്‍ വന്നു ,എത്രയും പെട്ടെന്ന് പാകിസ്താനെതിരെയുള്ള യുദ്ധം ഇന്ത്യ അവസാനിപ്പിക്കണം. അല്ലെങ്കില്‍ പാകിസ്ഥാനെ സഹായിക്കാൻ അമേരിക്കയുടെ ഏഴാം കപ്പല്‍പ്പട എത്തുമെന്ന് ഒരു താക്കീതും ആരോട് നമ്മുടെ ഇന്ദിരാ ഗാന്ധിയോട് . ഇന്ദിര ഗാന്ധിയുടെ മറുപടിയായിരുന്നു ശ്രദ്ധേയം.
“പാകിസ്താന് വേണ്ടി കപ്പലുകള്‍ വിടാം വിടാതിരിക്കാം. പക്ഷെ എന്റെ രാജ്യത്തിന്റെ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും അതിലെ സൈനികരും തിരിച്ചു പോകണോ എന്ന് ഞാൻ തീരുമാനിക്കും..” ഇതായിരുന്നു ഇന്ത്യയുടെ മറുപടി .
ഡിസംബര്‍ 16-ന് വൈകീട്ട് അഞ്ചിന് പാക്കിസ്താന്റെ പരാജയം അറിയിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സൈനിക മേധാവി സാം മനേക്ഷായുടെ ഫോണ്‍ സന്ദേശം ഇന്ദിരയെത്തേടിയെത്തി.
ഇന്ദിരാ ഗാന്ധി സായിപ്പിന് മുന്നില്‍ കവാത്ത് മറന്നില്ല എന്ന ചുരുക്കം . അവരൊരിക്കലും വാഷിംഗ്ടണില്പോയി അമേരിക്കന്‍ പ്രസിഡന്റിന് ജയ് വിളിച്ചില്ല. ഒരു വട്ടം കൂടി ഇയാളെ പ്രസിഡന്റാക്കണമെന്ന് ഒരു പ്രസിഡന്റിനു വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല. അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള ലക്ഷ്മണരേഖ എവിടെയാണെന്നും എന്താണെന്നും കൃത്യമായി അറിയാമായിരുന്നു അവർക്ക് .
ഇനി ഇപ്പോഴത്തെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച വർത്തയിലേക്ക് വരുമ്പോൾ,അമേരിക്കൻ സൈന്യത്തിന്റെ സി-17 എയർക്രാഫ്റ്റാണ് 205 ഇന്ത്യക്കാരുമായി അമൃസത്സറിലെത്തിയത്. 13 കുട്ടികള്‍ ഉള്‍പ്പെടെയാണ് സംഘത്തിലുള്ളത്. കാലിൽ വിലങ്ങണിയിച്ചാണ് എത്തിച്ചത്.നാല്പത് മണിക്കൂറോളം പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും അനുവദിച്ചില്ല എന്നുള്ള പരാതികളും ചിത്രങ്ങളും പരക്കെ വ്യാപിക്കുമ്പോൾ അതിന് സാധൂകരിക്കുന്ന വിവരങ്ങൾ നൽകുകയാണ് പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള 36 കാരനായ ജസ്പാൽ സിംഗ് .
ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന് ഞങ്ങൾ കരുതി. പിന്നീട് ഞങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ കൈകളും കാലുകളും ചങ്ങലയിൽ ബന്ധിച്ചു. ഇവ അമൃത്സർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് നീക്കം ചെയ്തത്” ജസ്പാൽ സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
എന്നാൽ കാലുകള്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം എയർപോർട്ടിലിരിക്കുന്ന ഒരു ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. ഇന്ത്യക്കാരെ നാടുകടത്തിയതിന്റെ ദൃശ്യങ്ങള്‍ എന്ന പേരിൽ ബിജെപി വിരുദ്ധ കേന്ദ്രങ്ങള്‍ ആണ് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് എന്നാണ് വാദം .
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രത്തില്‍ എത്രത്തോളം സത്യമുണ്ടെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ(PIB) ഫാക്ട് ചെക്ക് നടത്തി കണ്ടെത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ടതല്ലെന്നും ജനുവരി 30 ന് അമേരിക്കയില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് നാടുകടത്തപ്പെട്ട 80 കുടിയേറ്റക്കാരെയാണ് ചിത്രത്തില്‍ കാണുന്നതെന്നുമാണ് PIB യുടെ കണ്ടെത്തല്‍.