ഏഴുവയസ്സുകാരന്റെ മുറിവിൽ ഫെവിക്വിക്ക് ഇട്ട് അടച്ച് നേഴ്സ് ; അറിഞ്ഞില്ല!!! ആരും പറഞ്ഞില്ല !!!
![](https://sarklive.com/wp-content/uploads/2025/02/WhatsApp-Image-2025-02-07-at-11.16.32-AM.jpeg)
ഏഴ് വയസുകാരന്റെ കവിളിലെ ആഴത്തിലുള്ള മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് പശകൊണ്ട് ഒട്ടിച്ച നഴ്സിന് സസ്പെൻഷൻ.
കർണാടകയിലെ ഹവേരി ജില്ലയിലെ ഹനഗലിലെ ആദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ മാസം 31നാണ് സംഭവമുണ്ടായത്.
കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരൻ ഗുരുകിഷൻ അന്നപ്പ ഹൊസമണിയെ മാതാപിതാക്കള്‍ ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുവന്നത്. എന്നാല്‍ മുറിവില്‍ മുഖത്തു തുന്നലിട്ടാൽ പിന്നീട് ആ പാട് മായാതെ അവശേഷിക്കുമെന്നും ,കുട്ടിയുടെ നന്മയ്ക്കായാണ് താൻ ഇത് ചെയ്യുന്നതെന്നും നേഴ്സ് പറഞ്ഞതായാണ് വിവരം .
തുടർന്നും ആശങ്ക അറിയിച്ച മാതാപിതാക്കളോട് താൻ വർഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും ഇന്നേവരെ ആർക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും നഴ്സ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ഇത് മൊബൈല്‍ ഫോണില്‍ പകർത്തിയതാണ് നടപടിക്ക് വഴിവെച്ചത്. പിന്നീട് ഈ വീഡിയോ സഹിതം ഇവർ ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.
കുട്ടിയുടെ നല്ലതിന് വേണ്ടിയാണ് തുന്നലിടാത്തതെന്നും കുടുംബം നിർബന്ധിച്ചിരുന്നെങ്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമായിരുന്നുവെന്നും നഴ്സ് പറഞ്ഞു. നഴ്സ് മുറിവില്‍ ഫെവിക്വിക്ക് പുരട്ടുന്ന ഈ വീഡിയോ സഹിതം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ സുരക്ഷാ സമിതിക്ക് ഇവർ പരാതി കൈമാറുകയും ചെയ്തു.
സസ്പെൻഷന് പകരം നഴ്സിനെ അതേ ജില്ലയിലെ മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഫെബ്രുവരി 3ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് കൂടുതല്‍ വിമർശനങ്ങള്‍ക്ക് വഴിവെച്ചു. കുട്ടിക്ക് പിന്നീട് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദേശം നല്‍കിയതായും അധികൃതർ അറിയിച്ചു.
പരാതി ശ്രദ്ധയില്‍പ്പെട്ട ജില്ലാ ഹെല്‍ത്ത് ഓഫീസർ രാജേഷ് സുരഗിഹള്ളി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. തുടർന്ന് ഗുട്ടാല്‍ ഹെല്‍ത്ത് സെന്ററിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. പിന്നാലെയായിരുന്നു സസ്പെൻഷൻ.ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. .
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്ത പശയായ ഫെവിക്വിക്ക് ദ്രാവകം കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജനുവരി 14നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആദ്യം തന്നെ പ്രാഥമിക അന്വേഷണം നടത്തി നഴ്സിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം നഴ്സിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയിലെത്തി സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നഴ്സിന്റെ നടപടി കാരണം കുട്ടിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ നഴ്സിനെതിരെ സ്വീകരിച്ച നടപടി റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കുട്ടിയുടെ നില തൃപ്തികരമാണെന്നും ഫെവിക്വിക്ക് തേച്ച മുറിവില്‍ ഇതുവരെ മറ്റ് പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്നും പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞു.