പ്രധാനമന്ത്രിയുടെ ഓഫീസിൽ ഗോഡ്സെ ഭക്തന്മാർ; തൻ്റെ അറസ്റ്റ് ബിജെപിയുടെ തെരെഞ്ഞെടുപ്പ് ഗൂഢാലോചനയെന്ന് ജിഗ്നേഷ് മേവാനി
പ്രധാനമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ഗോഡ്സെ ഭക്തന്മാരാണ് തനിക്കെതിരായ കേസുകൾക്ക് പിന്നിലെന്ന് ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. നരേന്ദ്രമോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മേവാനി ഉയർത്തിയത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേവാനി.
“എൻ്റെ പേരിൽ ഈ എഫ് ഐ ആർ ഇടാൻ പ്രവർത്തിച്ച പിഎംഓയിലിരിക്കുന്ന ഗോഡ്സെ ഭക്തന്മാർ കാരണമാണ് ഞാൻ ഈ പത്രസമ്മേളനം നടത്തുന്നത്“ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജിഗ്നേഷ് മേവാനി തൻ്റെ പത്രസമ്മേളനം ആരംഭിച്ചത്.
കഴിഞ്ഞ ഏഴെട്ട് വർഷക്കാലയളവിൽ ഗുജറാത്തിൽ 22 പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർന്നു. ഒരു അന്വേഷണവും അറസ്റ്റുമുണ്ടായില്ല. മുന്ദ്ര പോർട്ടിൽ നിന്നും 175,000 കോടി രൂപയുടെ മയക്കുമരുന്നു പിടികൂടി. എന്നാൽ പോർട്ടിൻ്റെ ഉടമസ്ഥനായ ഗൗതം അദാനിക്കെതിരെ ഒരു അന്വേഷണമോ ചോദ്യം ചെയ്യലോ അറസ്റ്റോ ഇല്ല. ഗുജറാത്തിൽ ദളിത് യുവതി ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ ആരോപണവിധേനായ ബിജെപി മന്ത്രിയ്ക്കെതിരെ ഒരന്വേഷണവും നടത്തിയില്ല. എന്നാൽ ഒരു നിസാര ട്വീറ്റിൻ്റെ പേരിൽ പ്രധാനമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ഗോഡ്സെ ഭക്തന്മാർ തനിക്കെതിരെ കേസുകൾ ചാർജ് ചെയ്തെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു.
ഗുജറാത്തിൽ മൂന്നിടങ്ങളിൽ വർഗീയസംഘർഷങ്ങൾ നിലനിൽക്കുന്നുവെന്നും ഗുജറാത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യം ശ്രദ്ധിക്കുകയും പരിഹരിക്കുകയും വേണമെന്നാണ് താൻ ട്വീറ്റ് ചെയ്തതെന്നും ഇത് ഏത് നിയമപ്രകാരമാണ് കുറ്റകരമാകുകയെന്നും ജിഗ്നേഷ് ചോദിച്ചു. തന്റെ ട്വീറ്റ് വളരെ ലളിതമായിരുന്നെന്നും സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യര്‍ഥിക്കാന്‍ പ്രധാനമന്ത്രിയോട് ആവിശ്യപെടുകയായിരുന്നെന്നും ജിഗ്നേഷ് പറയുന്നു.
ഈ ഒരു കാര്യം പറഞ്ഞാണ് തന്റെ അറസ്റ്റ് നടന്നതെന്നും എഫ്ഐആറിന്റെ പകര്‍പ്പ് തന്നെ കാണിക്കുകയോ അഭിഭാഷകനുമായി സംസാരിക്കാനോ അവര്‍
അനുവദിച്ചില്ലെന്നും ജിഗ്നേഷ് കൂട്ടിചേര്‍ത്തു. ഗുജറാത്തിലെ എംഎല്‍എ ആയിരുന്നിട്ടും അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നും ജിഗ്നേഷ് മേവാനി പറയുന്നു.
പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനാത്മകമായ ട്വീറ്റ് ചെയ്തെന്ന ആരോപണത്തില്‍ ജയിലിലായിരുന്ന ജിഗ്നേഷ് രണ്ടു ദിവസം മുന്നേയാണ് ജയില്‍ മോചിതനായത്. വ്യക്തമായ കാരണം പറയാതെ അസം പൊലീസ് നടത്തിയ അറസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് ബനസ്കന്ത ജില്ലയില്‍ നിന്ന് കഴിഞ്ഞ മാസം 20-ആം തീയതിയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്.
തൻ്റെ പേരിലുള്ള എഫ് ഐ ആർ പ്രഥമദൃഷ്ട്യാതന്നെ നിലനിൽക്കുന്നതല്ലെന്ന നിരീക്ഷിക്കുന്ന അസം കോടതിയുടെ ജാമ്യ ഉത്തരവും ജിഗ്നേഷ് വായിച്ചു.
ഗുജറാത്ത് തെരെഞ്ഞടുപ്പിനു മുന്നോടിയായി തന്നെ അപകീര്‍ത്തിപെടുത്താനുള്ള ഗൂഢാലോചനയാണ് അറസ്റ്റിനു പിന്നിലെന്ന് ജിഗ്നേഷ് പറയുന്നു. ജയില്‍മോചിതനായി രണ്ടു ദിവസങ്ങള്‍ക്കു ശേഷം ന്യൂഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ജിഗ്നേഷ്. തന്റെയും പ്രവര്‍ത്തകരുടെയും സെല്‍ഫോണിലും ലാപ്ടോപ്പിലും മറ്റും രഹസ്യ ഇലക്ട്രിക് ഉപകരണങ്ങള്‍ സര്‍ക്കാര്‍ വച്ചിട്ടുണ്ടന്ന ആരോപണവും ജിഗ്നേഷ് ഉയര്‍ത്തി.