ആ നടിയെ അവർ കൊല്ലും,ഇവിടെ കൃത്യമായും ഒരു മർഡർ പ്ലോട്ടുണ്ട്!! സംവിധായകൻ സനല്‍ കുമാർ ശശിധരൻ

നടിയെ അപമാനിച്ചതിന് പോലീസില്‍ പരാതി നല്കിയ നടിയ്ക്കെതിര വീണ്ടും തുടർച്ചയായി സമൂഹമാദ്ധ്യമത്തില്‍ കുറിപ്പ് പങ്കുവയ്ക്കുകയാണ് സംവിധായകൻ സനല്‍ കുമാർ ശശിധരൻ.നടിയുടെ പരാതിയില്‍ കേസ് എടുത്ത പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് സമൂഹമാദ്ധ്യമത്തിലൂടെ സംവിധായകന്റെ വെല്ലുവിളി തുടരുന്നത്. നിലവില്‍ സംവിധായകൻ അമേരിക്കയിലാണെന്നാണ് വിവരം.
അടുത്തിടെ സനല്‍കുമാർ നടിയെക്കുറിച്ച് തുടർച്ചയായി ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. നടിയുമായുള്ള ഫോണ്‍ സംഭാഷണമെന്ന പേരിലുള്ള വോയിസ് റെക്കോർഡുകൾ ഉള്‍പ്പെടെയാണ് ഇത്തരത്തിൽ സംവിധായകൻ പങ്കുവെയ്ക്കുന്നത്. സല്‍പ്പേരിന് ഭംഗം വരുത്തുന്ന ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നടി വീണ്ടും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ പോലീസ് കേസ് എടുക്കുകയും സനല്‍കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതോടെയാണ് സനല്‍കുമാർ വിദേശത്ത് ആണെന്ന് വ്യക്തമായത്.
മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സംവിധായകൻ നടിയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടി നല്കിയ രഹസ്യമൊഴിയെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റുകളില്‍ പരാമർശം ഉണ്ട്. നടി സ്വതന്ത്രമായി സംസാരിക്കാൻ പോലും സാധിക്കാത്ത വിധം ഏതോ ഒരു മാഫിയയുടെ പിടിയില്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ഫലമായിട്ടാണ് നടിയ്ക്ക് രഹസ്യമൊഴി നല്‍കേണ്ടിവന്നത്. നടിയെ കൊലപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടന്നുവരുന്നത് എന്നും സംവിധായകൻ പറയുന്നുണ്ട്.
സനല്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഒന്ന്
ഞാനും Manju Warrier രും തമ്മിൽ സംസാരിച്ച ശബ്ദരേഖ മുന്നോട്ടു വെച്ചുകൊണ്ട് കഴിഞ്ഞ ഇരുപത്തി ഏഴു ദിവസങ്ങൾ ഞാൻ ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നാണ്. ഞങ്ങൾ പ്രണയത്തിലാണെന്നും അവർ മറ്റ് ആളുകളുടെ നിയന്ത്രണത്തിൽ ആണെന്നും അവരുടെ സോഷ്യൽ മീഡിയയും ഇമെയിലും ഒക്കെ മറ്റാളുകൾക്ക് ആക്സസ് ഉള്ള വിധത്തിലാണ് എന്നുമാണ്. അവർ എനിക്കെതിരെ കൊടുത്തു എന്ന് പറയുന്ന കേസ് കള്ളക്കേസ് ആണെന്നാണ്.
ഇതിത്രയും വ്യാപകമായി ചർച്ചചെയ്യപ്പെട്ടിട്ടും മഞ്ജുവാര്യർ എന്നെ സ്വകാര്യമായി ബന്ധപ്പെടുകയോ പബ്ലിക് ആയി അത് നിഷേധിക്കുകയോ ചെയ്യാതിരിക്കുന്നത് ബാഹ്യമായ പ്രേരണ കൊണ്ടാണ് എന്നു ഞാൻ പറയുമ്പോൾ ജനങ്ങൾ ചോദിക്കുന്നത്, എന്തിന് അവർ പ്രതികരിക്കണം എന്നാണ്. എന്നോട് വ്യക്തിപരമായി സംസാരിക്കാൻ അവർക്ക് താല്പര്യമില്ലാത്തത് കൊണ്ടാണ് എന്നാണ്.
എന്നാൽ വസ്തുത അതാണോ?
അല്ല.
ഞങ്ങൾ രഹസ്യമായി സംസാരിച്ച് വരുമ്പോൾ തന്റെ ജീവന് അപകടമുള്ളതുകൊണ്ട് ഞങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന് എന്നോട് മഞ്ജുവാര്യർ ആദ്യമായി പറയുന്നത് 2024 ഡിസംബറിലാണ്.
2022 നു ശേഷം ഞാനും മഞ്ജു വാര്യറും തമ്മിൽ ഒരു ബന്ധവും നിലവിലില്ല എന്നതായിരുന്നു അവർക്കൊപ്പമുള്ള ആളുകളുടെ ധാരണ. എന്നാൽ ഇപ്പോൾ ഞങ്ങൾ രഹസ്യമായി സംസാരിക്കുന്ന വിവരം അവരെ തടഞ്ഞു വെയ്ക്കുന്നവർ മനസിലാക്കി എന്ന് ഞങ്ങൾക്ക് 24/12/2024 ൽ മനസിലായി. അന്നേ ദിവസം മഞ്ജു വാര്യരുടെ ഒഫിഷ്യൽ ഫെയ്സ്ബുക്ക് ഐഡി യിൽ നിന്ന് എനിക്ക് ഒരു മെസേജ് വന്നു.
അതിനു ഞാൻ ഇങ്ങനെ മറുപടി അയച്ചു:
അതിനു ശേഷം ആ പേജിൽ നിന്ന് എനിക്ക് മറുപടി ഉണ്ടായിട്ടില്ല. ഇതിപ്പോൾ പറയാൻ കാരണം എന്നെ മഞ്ജു വാര്യർ കൊണ്ടാക്ട് ചെയ്തിട്ടേ ഇല്ല എന്ന തരത്തിലും ഞാൻ അവരെ ശല്യം ചെയ്യുന്നു എന്നതരത്തിലും കഥകൾ പ്രചരിക്കുന്നതുകൊണ്ടാണ്.
24/12/2024 ൽ എന്നെ ഒഫിഷ്യൽ ID യിൽ നിന്ന് ബന്ധപ്പെട്ടത് മഞ്ജു വാര്യർ ആണെങ്കിൽ എന്തുകൊണ്ട് പിന്നീട് ഇത്രയും വലിയ സാമൂഹ്യചർച്ച തന്നെക്കുറിച്ചുണ്ടായിട്ടും അവർ എന്നോട് ഒരു മെസേജ് കൊണ്ടുപോലും സംസാരിക്കാത്തത്? ആ മെസേജ് അയച്ചത് മഞ്ജുവാര്യർ അല്ലായിരുന്നു എങ്കിൽ ആ ഒഫിഷ്യൽ ID കൈകാര്യം ചെയ്യുന്നത് ആരാണ്? ആരൊക്കെയാണ്?
ഇവിടെ കൃത്യമായും ഒരു മർഡർ പ്ലോട്ടുണ്ട്. വളരെ അടുത്ത് തന്നെ മഞ്ജു വാര്യരെ കൊലപ്പെടുത്താനുള്ള പദ്ധതിയാണ് അരങ്ങേറുന്നത്. കൊല നടന്നു കഴിഞ്ഞാല്‍ സ്വാഭാവികമായും മാധ്യമങ്ങള്‍ അത് ഇപ്പോഴത്തെ എന്റെ അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള ഒരു ചർച്ചയിലേക്ക് ഒതുക്കും. മഞ്ജു വാര്യർ ഇപ്പോ മജിസ്ട്രെടിനു മുന്നില്‍ കൊടുത്തിട്ടുള്ള ‘എനിക്ക് വധഭീക്ഷണിയുണ്ട്’ എന്ന രഹസ്യമൊഴി പിന്നീട് വെളിച്ചം കാണുകയെ ഇല്ല.
സുഹൃത്തുക്കളെ നിങ്ങളുടെ ഈ മൗനം വലിയ പാതകമാണ്. മഞ്ജു വാര്യർ ഈ കേസിന്റെ സത്യാവസ്ഥയെ കുറിച്ചു പൊതുസമൂഹത്തിന് മുന്നില്‍ അടിയന്തിരമായി പറയണമെന്ന് നിങ്ങള്‍ ദയവായി ആവശ്യപ്പെടണം. അല്ലെങ്കില്‍ വളരെ താമസിയാതെ നിങ്ങള്‍ ആ ദുഃഖവാർത്ത കേള്‍ക്കേണ്ടിവരും. എനിക്ക് ഭ്രാന്താണോ ഇല്ലയോ എന്നൊക്കെ ചർച്ച തുടരട്ടെ. പക്ഷെ ഇത് വേറെ ചർച്ച ചെയ്യണം. ഇത് ഒരു അഭ്യർത്ഥനയാണ്..
പോലീസ് കേസ് എടുത്തതിന് പിന്നാലെ നടിയ്ക്കെതിരെ സനല്‍കുമാർ തുടർച്ചയായി ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുകയായിരുന്നു. നിരവധി പോസ്റ്റുകളില്‍ നടിയോടുള്ള പ്രണയം സംവിധായകൻ വിവരിക്കുന്നുണ്ട്. പ്രണയം പങ്കുവച്ചുകൊണ്ടുള്ള കവിതകളും ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ട്. തനിയ്ക്കെതിരെ നടിയെ കൊണ്ട് പരാതി നല്‍കിച്ചതിന് പിന്നില്‍ മാഫിയയാണെന്നാണ് സംവിധായകൻ പറയുന്നത്.
26 ദിവസങ്ങള്‍ കഴിഞ്ഞിട്ടും താൻ പറഞ്ഞതിനെ നിഷേധിച്ച് നടി രംഗത്ത് എത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. താൻ പറഞ്ഞതിനെ നിഷേധിച്ചുകൊണ്ട് ഒരു വാചകം പോലും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് പൊതുസമക്ഷം നടി ഒന്നും മിണ്ടാത്തത്?. എന്നെ ഉപദ്രവിക്കാൻ നടിയ്ക്ക് താത്പര്യം ഇല്ല. അങ്ങനെ ഉപദ്രവിക്കണം എങ്കില്‍ പത്രസമ്മേളനം വിളിക്കാമായിരുന്നുവല്ലോ?. പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങുന്നതിനെക്കാള്‍ എളുപ്പം അതല്ലേ എന്നും സംവിധായകൻ ചോദിക്കുന്നുണ്ട്.