ഗെയിം ഓഫ് ത്രോൺസ് താരം ജെറോം ഫ്ലിൻ മലയാളത്തിൽ; ഇൻ്റർനാഷണൽ താരനിരയുമായി മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’

മലയാളത്തിൻ്റെ സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. പ്രശസ്ത ഹോളിവുഡ് സിനിമ താരം ജെറോം ഫ്ലിന്നിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ രണ്ടു ദിവസം മുമ്പ് പുറത്ത് വിട്ടത്. ബോറിസ് ഒലിവർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലോക പ്രശസ്ത വെബ് സീരീസ് ആയ ഗെയിം ഓഫ് ത്രോൺസിലെ ബ്രോൺ എന്ന കഥാപാത്രം അവതരിപ്പിച്ച് വമ്പൻ ശ്രദ്ധ നേടിയ താരമാണ് ജെറോം ഫ്ലിൻ.
എമ്പുരാൻ എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് കഥാപാത്രത്തെ പുറത്ത് വിട്ടുകൊണ്ടുള്ള വീഡിയോയിൽ ജെറോം പറഞ്ഞു. ഈ കഥാപാത്രത്തിലേക്ക് എങ്ങനെ എത്തി എന്നത് തനിക്ക് കൃത്യമായി ഓര്മയില്ലെങ്കിലും
ഇതിലേക്ക് എത്തിയതിൽ ഏറെ സന്തോഷമുണ്ട് എന്നും, ഇത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു തനിക്ക് സമ്മാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു. അബ്രാം ഖുറേഷി എന്ന നായക കഥാപാത്രത്തിൻ്റെ യാത്രയിലെ ഏറെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് താൻ അവതരിപ്പിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രശസ്ത ഹോളിവുഡ് ഫിലിം ഫ്രാഞ്ചൈസ് ആയ ജോൺ വിക്ക് ചാപ്റ്റർ 3 ലും ജെറോം ഒരു നിർണ്ണായക വേഷം അവതരിപ്പിച്ചിരുന്നു.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ എമ്പുരാൻ റിലീസ് ചെയ്യും. മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.
മുരളി ഗോപി രചിച്ച ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാളത്തിന് അകത്തും പുറത്തും ഉള്ള ഒട്ടേറെ അഭിനേതാക്കൾ വേഷമിടുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ഛായാഗ്രഹണം – സുജിത് വാസുദേവ്, സംഗീതം – ദീപക് ദേവ്, എഡിറ്റിംഗ്- അഖിലേഷ് മോഹൻ.