സംസ്ഥാനത്ത് വൻ ലഹരിവേട്ട; മലപ്പുറത്ത് മാത്രം പിടികൂടിയത് 544 ഗ്രാം എംഡിഎംഎ

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വൻ ലഹരിവേട്ട. കൊച്ചിയിലും മലപ്പുറത്തുമായി പൊലീസ് പിടിച്ചെടുത്തത് വലിയ തോതിലുള്ള എംഡിഎംഎ ശേഖരം. ഈ രാസലഹരികൾ ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്നതായാണ് കണ്ടെത്തൽ. ഒപ്പം കൊച്ചിയിലേക്കുള്ള ഹൈബ്രിഡ് കഞ്ചാവിന്റെ വരവ് വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്ത് രാസലഹരിയുടെയും കഞ്ചാവിൻ്റെയും ഉപയോഗം വർധിച്ചതായി വ്യക്തമാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നുത്. കൊച്ചിയിൽ എംഡിഎംഎയുമായി ഏഴ് യുവാക്കളാണ് പിടിയിലായത്. പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 24 ഗ്രാം എംഡിഎംഎ അന്വേഷണ സംഘം പിടിച്ചെടുത്തു. എംഡിഎംഎ ബെംഗളൂരുവിൽ നിന്ന് എത്തിച്ചെന്നാണ് പ്രതികൾ നൽകിയ മൊഴി. പാലാരിവട്ടം പൊലീസാണ് യുവാക്കളെ പിടികൂടിയത്.
മലപ്പുറം കൊണ്ടോട്ടിയിൽ 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്. മുതുവല്ലൂർ സ്വദേശി ആകാശിന്റെ വീടിൻ്റെ പരിസരത്തു നിന്നാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച ലഹരി ശേഖരം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് കേരളത്തിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് നൽകുന്ന വിവരം.