കള്ളിൽ കഫ് സിറപ്പ് കണ്ടെത്തിയ സംഭവം: ഷാപ്പുകളിൽ പരിശോധന ശക്തമാക്കി എക്സൈസ്

ചിറ്റൂരിൽ കള്ളിൽ കഫ് സിറപ്പിൻറെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഷാപ്പുകളിൽ പരിശോധന ശക്തമാക്കി എക്സൈസ്. കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ കളളിൽ കഫ് സിറപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് പാലക്കാട് ജില്ലയിൽ പരിശോധന കർശനമാക്കിയത്.
2024 സെപ്തംബർ എട്ടിന് ചിറ്റൂർ മേഖലയിലെ അഞ്ച് കളള് ഷാപ്പുകളിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ രാസ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് കഫ് സിറപ്പിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കുറ്റിപ്പള്ളത്തെ TS 59 നമ്പർ ഷാപ്പിൽ നിന്നും വണ്ണാമടയിലെ TS 36 നമ്പർ ഷാപ്പിൽ നിന്നും ശേഖരിച്ച സാമ്പിളിലാണ് കഫ് സിറപ്പായ ബെനാഡ്രിലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചിറ്റൂർ ആറാംപാടം സ്വദേശി ശിവരാജന്റെ ഉടമസ്ഥതയിലാണ് രണ്ട് ഷാപ്പുകളും പ്രവർത്തിക്കുന്നത്.
സംഭവത്തിൽ ലൈസൻസിക്കെതിരെയും, കളള് ഷാപ്പ് ജീവനക്കാരായ രാജു, വിനോദ് എന്നിവർക്കെതിരെയും എക്സൈസ് കേസെടുത്തു. ഷാപ്പിൻ്റെ ലൈസൻസും സസ്പെൻഡ് ചെയ്തു.