തമിഴ്നാട്ടിൽ മഴ തുടരും; വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം

കനത്ത മഴയെ തുടർന്ന് തമിഴ് നാട്ടിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തൂത്തുക്കുടി, കന്യാകുമാരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രാത്രി കനത്ത മഴ പെയ്തിരുന്നു. തെരുവുകളും റോഡുകളും വെള്ളത്തിനടിയിലായി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച കനത്ത മഴ നാളെ വരെ തുടരുമെന്നും സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ തമിഴ്നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഞായറാഴ്ച ഇടിമിന്നലിനും സാധ്യതയുണ്ട്. ചെന്നൈയിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും പുലർച്ചെ മൂടൽ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്ക് വർധിച്ചതിനെ തുടർന്ന് പ്രധാന വെള്ളച്ചാട്ടങ്ങളിലും അരുവിയിലും കുളിക്കുന്നത് നിരോധിച്ചിട്ടുണ്ട്.