കുട്ടികളിൽ അക്രമവാസനക്ക് കാരണം സിനിമ മാത്രമല്ല, ലഹരിയാണ് ഒന്നാമൻ; സിനിമക്ക് പ്രചാരമില്ലാത്ത രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വയലൻസ് നടക്കുന്നത്

വിദ്യാർത്ഥികളുടെ തല്ലിന്റെ കൂടുതൽ വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത്.
ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐ.ടി.ഐയിലും ഒരു തല്ല് നടന്നിരുന്നു. ക്ലാസ് മുറിയിൽ ഉണ്ടായ അടിപിടിയിൽ ഒരു വിദ്യാർഥിയുടെ മൂക്കിന്റെ പാലം തകർന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഫെബ്രുവരി 19-നാണ് സംഭവം നടന്നത്. ക്ലാസ് മുറിയിലേക്ക് കയറി വന്ന വിദ്യാർത്ഥിയുടെ കഴുത്തിൽ പിടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ മറ്റേ വിദ്യാർത്ഥി ചോദ്യംചെയ്യുകയും വാക്പോര് മർദനത്തിൽ കലാശിച്ചതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
മർദനമേറ്റ വിദ്യാർഥി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ തമ്മിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മർദനമേറ്റ വിദ്യാർഥിയുടെ മൊഴി എടുക്കാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ.
കുട്ടികൾക്കിടയിൽ വ്യാപകമാവുന്നു അക്രമത്തിൽ മയക്കുമരുന്നുകളുടെ സ്വാധീനവും ചെറുതല്ല. ഇപ്പോൾ മയക്കുമരുന്നിനെതിരെ കഴിഞ്ഞ എട്ടു ദിവസം ”ഓപ്പറേഷന് ഡി ഹണ്ട്” എന്ന പേരില്‍ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മാരകമായ ലഹരിമരുന്നുകള്‍ അടക്കം പിടികൂടിയിരുന്നു.
അതിമാരകവും കോടികള്‍ വില വരുന്നതുമായ എംഡിഎംഎ മാത്രം 1.312 കിലോഗ്രാം പിടികൂടി. 154 കിലോ കഞ്ചാവും 18.15 ഗ്രാം ഹാഷിഷ് ഓയിലും ബ്രൗണ്‍ഷുഗറും ഹെറോയിനും വിവിധ തരം ടാബ്ലറ്റുകളും പിടികൂടിയവയില്‍ പെടുന്നു. മയക്കുമരുന്നു കൈവശം വച്ചതുമായി ബന്ധപ്പെട്ട് 2762 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2854 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വന്‍തോതില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന സൂചനകളാണ് ഒരാഴ്ച മാത്രം നടത്തിയ പരിശോധനകളില്‍ പോലീസിന് ലഭിച്ചത്. ലഹരിമാഫിയയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് അനുമതി ലഭിച്ചാല്‍ ഇതിന് പിന്നിലുള്ള വന്‍ ലഹരിസംഘത്തെ കണ്ടെത്താന്‍ കഴിയുമെന്നാണു സൂചന.
സംസ്ഥാനത്തെ ആന്റി നാര്‍കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവൻറെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
മാരക മയക്കുമരുന്നായ എംഡിഎംഎ ഒന്നര കിലോയോളം പിടികൂടിയപ്പോള്‍ ഇതില്‍ 594.72 ഗ്രാമും, അതായത് പകുതിയോളം മലപ്പുറം ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ഇവിടെ ലഹരിക്കേസുകളും ഉയര്‍ന്നിട്ടുണ്ട്. 213 കേസുകളിലായി 225 പേരെയാണ് ഇക്കാലയളവില്‍ മലപ്പുറത്തുനിന്നു പിടികൂടിയത്.
തിരുവനന്തപുരം ജില്ലയില്‍ 403 കേസുകളാണ് എടുത്തത്. ഏതാണ്ട് 10 കിലോയോളം കഞ്ചാവും ഇവിടെ പിടിച്ചെടുത്തു. പത്തനംതിട്ടയും ആലപ്പുഴയും ഒഴികെയുള്ള ജില്ലകളില്‍നിന്ന് ചെറിയ അളവിലെങ്കിലും എംഡിഎംഎ പിടികൂടിയിട്ടുണ്ട്. വൻതോതിൽ ലഹരി എത്തുകയും കച്ചവടം നടക്കുകയും ചെയ്യുന്നുണ്ടെന്ന് പറയപ്പെടുന്ന കൊച്ചിയിലെ കൃത്യമായ കണക്കുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
കുട്ടികളിലെ അക്രമ വാസനക്ക് സിനിമയെ മാത്രം പഴി ചാരിയിട്ട് കാര്യമില്ല. വയലന്‍സിന്റെ അതിപ്രസരം ഉള്ള ചിത്രങ്ങൾ മലയാളത്തിൽ മാത്രമല്ല, ലോകത്തുള്ള എല്ലാ സിനിമകളിലും ഉള്ളതാണ്. ഏറ്റവും കൂടുതൽ വയലൻസ് നടക്കുന്നത് സിനിമകൾ അത്രക്ക് വ്യാപകമല്ലാത്ത രാജ്യങ്ങളിലാണ്. അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, കോംഗോ, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ സിനിമയെ വെല്ലുന്ന വയലൻസാണ് നടക്കുന്നത്.
നമ്മുടെ സംസ്ഥാനത്ത് അതിക്രമങ്ങൾ കുറയാൻ ആദ്യം കൂച്ച് വിലങ് ഇടേണ്ടത് സിനിമകൾക്കല്ല. നിയന്ത്രിക്കേണ്ടതും ഇല്ലാതാക്കേണ്ടതും ഇവിടുത്തെ ലഹരിക്കച്ചവടമാണ്.