ടോയ്ലറ്റിൽ ബാബറുടേയും ഔറംഗസേബിൻറെയും ചിത്രങ്ങൾ; പള്ളികളിൽ ”ഓം” എന്ന് തെളിയുന്ന ലേസർ ലൈറ്റടിച്ച് ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം

ഉത്തർപ്രദേശിൽ ടോയ്ലറ്റുകളിൽ മുഗൾ ചക്രവർത്തിമാരായ ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങൾ ഒട്ടിക്കുകയാണ് ഹിന്ദുത്വ വാദികൾ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ പിൽഖുവ പട്ടണത്തിലാണ് സംഭവം നടന്നത്.
ടോയ്ലറ്റുകളിലും മൂത്രപ്പുരകളിലും ഹിന്ദുത്വ സംഘടനകൾ പ്രമുഖ മുഗൾ ചക്രവർത്തിമാരായ ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങൾ ഓടിക്കുകയായിരുന്നു. കാവി ഷാൾ ധരിച്ച ഒരു സംഘം ആളുകൾ, മുഗൾ വംശ സ്ഥാപകൻ ബാബറിന്റെയും ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഗൾ ചക്രവർത്തി ഔറംഗസേബിന്റെയും ചിത്രങ്ങൾ പൊതു ടോയ്ലറ്റുകളുടെയും മൂത്രപ്പുരകളുടെയും ചുവരുകളിൽ ഒട്ടിക്കുന്ന ദൃശ്യങ്ങൾ തീവ്ര ഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ തന്നെ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങൾ ഒട്ടിച്ച ശേഷം അവർ ചിത്രങ്ങളിൽ ചെരുപ്പ് കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ ടോയ്ലറ്റുകളുടെ പേര് ഔറംഗസേബിന്റെയും ബാബറിന്റെയും പേരിലേക്ക് മാറ്റുമെന്നും അവർ പറയുന്നുണ്ട്.
ഇതേപോലുള്ള സംഭവം ഫെബ്രുവരി 23 ന് ഡൽഹിയിലെ അക്ബർ റോഡിലും ഉണ്ടായിട്ടുണ്ട്. അക്ബർ റോഡ് എന്നെഴുതിയ സൈൻബോർഡിൽ ഒരു കൂട്ടം ഹിന്ദുത്വ വാദികൾ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്തു. തുടർന്ന് സംഘം അതേ ബോർഡിൽ ഛത്രപതി ശിവജിയുടെ പോസ്റ്റർ പതിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നിരവധി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നോർത്ത് ഇന്ത്യയിലുടനീളം ഇത്തരം ആക്രമണം ആരംഭിച്ചിട്ടുണ്ട്. റോഡുകൾ, സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങളുടെയും പേരുകൾ മാറ്റാൻ അവർ ആവശ്യപ്പെടുന്നുണ്ട്. മുഗൾ രാജാക്കന്മാരെയും അവരുടെ ഭരണത്തെയും കുറിച്ച് പറയുന്ന പാഠ പുസ്തകത്തിലെ അധ്യായങ്ങൾ മാറ്റണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ദൽഹിയിലെ പുരാതനമായ പള്ളികൾക്ക് നേരെ ഹിന്ദുത്വ വാദികൾ, ഓം എന്ന് തെളിയുന്ന ലേസർ ലൈറ്റുകൾ പ്രകാശിപ്പിക്കുകയും കാവി പതാകകൾ ഉയർത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. മുഗൾ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലുമാണ് സംഭവങ്ങൾ അരങ്ങേറിയത്. മഹാശിവരാത്രിയുടെ ശോഭായാത്രക്കിടെ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നപ്പോളാണ് ഈ സംഭവം അറിയുന്നത്.
ഫെബ്രുവരി 26 ന് വൈകുന്നേരം മഹാശിവരാത്രിക്ക് നടത്തിയ ശോഭ യാത്ര മസ്ജിദുകളുടെ മുന്നിൽ മനഃപൂർവം നിർത്തുകയും പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യങ്ങൾ വിളിക്കുകയും ലേസർ ലൈറ്റുകളും ഉപയോഗിക്കുകയുമായിരുന്നു.
പഴയ ദൽഹിയിലെ സാംസ്കാരിക പ്രാധാന്യമുള്ള രണ്ട് പള്ളികളായ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലും കാവി പതാകകൾ വഹിച്ചുകൊണ്ട് ഒരു വലിയ ജനക്കൂട്ടം ഡി.ജെ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുകയും ലേസർ ലൈറ്റുകൾ അടിക്കുന്നതും വീഡിയോയിൽ കാണാം. പലരും ഈ വിഷയത്തിൽ പരാതികൾ സമർപ്പിച്ചെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.