ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ; ശത്രുക്കളാൽ ചുറ്റപ്പെട്ട പാകിസ്ഥാൻറെ ദയനീയ അവസ്ഥ

ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ഉയർത്തുകയാണ് പാകിസ്ഥാൻ. ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്പോൺസർ ചെയ്തതെന്നും പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാനാണ് ആരോപണമുന്നയിച്ചത്. ഹൈജാക്കിംഗുമായി ബന്ധപ്പെട്ട കോളുകൾ അഫ്ഗാനിസ്ഥാനിൽ നിന്നാണ് വന്നതെന്നതിന് പാകിസ്ഥാന്റെ കൈവശം തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ആരംഭിച്ചതുമുതൽ പാകിസ്ഥാൻ സൈന്യവും സർക്കാരും മാധ്യമങ്ങളും ഇന്ത്യയെ നേരിട്ട് പരാമർശിക്കാതെ കുറ്റപ്പെടുത്തൽ തുടരുകയാണ്. അതേസമയം രാജ്യത്തിന്റെ സൈനിക, ഇന്റലിജൻസ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ സുരക്ഷാ പരാജയങ്ങളെക്കുറിച്ച് അവർ ഒന്നും മിണ്ടുന്നുമില്ല.
പാകിസ്ഥാന്റെ ആരോപണങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. ബലൂചിസ്ഥാൻ പ്രവിശ്യയിലെ പാസഞ്ചർ ട്രെയിനിൽ നടന്ന ആക്രമണത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിച്ച് പാകിസ്ഥാൻ സൈനിക വക്താവിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്ന് അഫ്ഗാൻ പ്രതികരിച്ചു. ഇത്തരം പരമായ പരാമർശങ്ങൾക്ക് പകരം സ്വന്തം സുരക്ഷയും ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഫ്ഗാൻ പറഞ്ഞു.
മാർച്ച് 11 ന് 450 ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ജാഫർ എക്സ്പ്രസ്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി റാഞ്ചുകയായിരുന്നു. സംഭവത്തിൽ 33 ഭീകരവാദികളടക്കം 58 പേർ കൊല്ലപ്പെട്ടു. യാത്രക്കാരെ മുഴുവൻ മോചിപ്പിച്ചെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു.
ശരിക്കും ശത്രുക്കളാല്‍ ചുറ്റപ്പെട്ട അവസ്ഥയിലാണ് പാക്കിസ്ഥാനുള്ളത്. ഒരു വശത്ത് ഇന്ത്യയും മറുവശത്ത് അഫ്ഗാനിസ്ഥാനും. അതിര്‍ത്തി പങ്കിടുന്നത് ഇറാനും.
പ്രകൃതി കനിഞ്ഞ് നൽകിയ അപൂര്‍വം ധാതുക്കളുടെയും എണ്ണയുടെയും ശേഖരമാണ് ബലൂചിസ്ഥാനിലുള്ളത്. എന്നാല്‍ ഇതൊന്നും ബലൂചികളുടെ ജീവിതത്തില്‍ ഒരു പുരോഗതിയും ഉണ്ടാക്കിയില്ല. പാക്കിസ്ഥാന്റെ മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബലൂചിസ്ഥാന്‍ ഇന്നും ദരിദ്ര സമൂഹമാണ്. ഇതു തന്നെയാണ് അവിടെയുള്ള ആളുകളെ തോക്കെടുക്കാന്‍ പ്രേരിപ്പിച്ചതും.
പാക്കിസ്ഥാന് ഭാഗത്തുള്ള പഞ്ചാബിലെ വമ്പന്മാർ തങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയാണെന്ന് ബലൂചികള്‍ വിശ്വസിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കപ്പെട്ട ശേഷം കുറച്ചുനാള്‍ സ്വതന്ത്രരാജ്യമായി നിലനിന്നശേഷമാണ് ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്നത്. അന്നുമുതല്‍ ആ നാടിന്റെ നാശവും തുടങ്ങി.
ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. ഈ സംഘടന പാക്കിസ്ഥാന് സൈന്യത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം ആരംഭിക്കുന്നത് 2000ത്തിന്റെ തുടക്കത്തിലാണ്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബലൂചിസ്ഥാന്‍ പോരാളികള്‍ വലിയ തോതില്‍ ആയുധ, സാമ്പത്തിക ശക്തിയായെന്നത് സത്യമാണ്. അതാണ് പാക്കിസ്ഥാന്റെ പേടി. ബലൂചിസ്ഥാന്‍ സ്വതന്ത്ര രാജ്യമായാൽ പാക്കിസ്ഥാനെന്ന രാജ്യം ഏറെക്കുറെ ഇല്ലാതായേക്കും എന്ന് തന്നെ പറയാം.
പാക്കിസ്ഥാന് സാമ്പത്തികമായി മുന്നേറാൻ പാകത്തിനുള്ള നിക്ഷേപം ബലൂചിസ്ഥാന്‍ മണ്ണില്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഒന്നുമില്ലാത്ത പാകിസ്ഥാനിൽ നിക്ഷേപം നടത്താന്‍ ചൈനയെ പ്രേരിപ്പിക്കുന്നതും ബലൂചിസ്ഥാനിലെ നിധിയാണ്. എന്നാല്‍ തങ്ങളുടെ മണ്ണിലേക്ക് കടന്നുകയറാന്‍ ചൈനക്കാര്‍ ഒരുങ്ങുന്നു എന്ന് ബലൂചികൾക്കും മനസ്സിലായിട്ടുണ്ട്. അടുത്ത കാലത്തായി ചൈനീസ് എന്‍ജിനിയര്‍മാര്‍ക്കും അവരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലും വലിയ ആക്രമണങ്ങള്‍ ബി.എല്‍.എ നടത്തിയിട്ടുണ്ട്.
അഫ്ഗാനിലെ ജനാധിപത്യ സര്‍ക്കാരിനെ വീഴ്ത്തി താലിബാനെ അധികാരത്തിലെത്തിക്കാന്‍ പാക് ഭരണകൂടം വളരെയധികം സഹായിച്ചിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതിനു പിന്നാലെ താലിബാന് പാക്കിസ്ഥാനെതിരാകുന്ന കാഴ്ചയാണ് കണ്ടത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പാക് സൈന്യവും താലിബാനും പരസ്പരം അതിര്‍ത്തി കടന്ന് വ്യോമാക്രമണം നടത്തിയ സംഭവങ്ങളുമുണ്ടായി.
മാറി വരുന്ന സര്‍ക്കാരുകള്‍ എല്ലാം അഴിമതി നടത്തുന്നത് പാകിസ്താനിലെ ജനങ്ങളുടെ ആശങ്ക കൂട്ടുകയാണ്. അധികം വൈകാതെ പാക്കിസ്ഥാന് ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് എത്തുമെന്ന മുന്നറിയിപ്പാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ചേര്‍ന്ന് പാക്കിസ്ഥാന് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതമാണ്.
പാക് സര്‍ക്കാരിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ചിരിക്കുന്ന ബലൂച്ച് ആർമിയുടെ ആത്യന്തിക ലക്ഷ്യം പാകിസ്താന്, ഇറാന്, അഫ്ഗാന് എന്നിവയുടെ ചിലഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സ്വതന്ത്ര രാഷ്ട്രമാണ്. രാജ്യം പട്ടിണിയിൽ ആണെങ്കിലും, ഇന്ത്യക്കെതിരെ എന്തെങ്കിലുമൊക്കെ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്ന പാകിസ്ഥാന്, അവരുടെ ഉള്ളിൽ തന്നെയുള്ള ശക്തരായ എതിരാളികളാണ് ബലൂചിസ്ഥാൻ.
ഏകദേശം 15 ലക്ഷമാണ് ബലൂചിസ്ഥാനിലെ ജനസംഖ്യ. വാസ്തവത്തിൽ ബലൂചിസ്ഥാന്‍ ഇന്ത്യയോട് ചേരാന്‍ ആഗ്രഹിച്ച രാജ്യമാണ് . എന്നാല്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്നില്ല എന്ന കാരണം കൊണ്ട് മാത്രമാണ് ബലൂചിസ്ഥാന്‍ ഇന്ത്യയിലേക്ക് ചേരാന്‍ കഴിയാതെ പോയത്.