ഗുരുവായൂർ കയറാൻ യേശുദാസും യൂസഫലിയും മറ്റ് പലരേക്കാൾ യോഗ്യരാണ്; മനസ്സിൽ കൃഷ്ണനെ ആരാധിച്ച് കൊണ്ട് പാടുകയും എഴുതുകയും ചെയ്ത രണ്ട് അഹിന്ദുക്കൾ

കേരളത്തിൻറെ ഗാനഗന്ധര്വ്വന് യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ശിവഗിരി മഠം രംഗത്ത് വന്നിട്ടുണ്ട്. കാലം ഇത്രയും മാറിയിട്ടും, പുരോഗമിച്ചിട്ടും, യേശുദാസിനെപ്പോലൊരു അതുല്യ കലാകാരന് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കാത്തത് കാലത്തിനോടും അദ്ദേഹത്തോടും ചെയ്യുന്ന അനീതിയാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറയുന്നു.
അടുത്തമാസം ആചാര പരിഷ്കരണവുമായി ബന്ധപ്പെട്ട് ശിവഗിരി മഠം ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യമായി ഈ വിഷയം മുന്നോട്ട് വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാവാന്‍ സര്‍ക്കാരും കൂടി ഇടപെടണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭരണാധികാരികളാണ് തീരുമാനം എടുക്കേണ്ടതെന്ന് യേശുദാസ് 2018ല്‍ പറഞ്ഞിരുന്നു. തനിക്ക് മാത്രമായി പ്രവേശനം അനുവദിക്കേണ്ട കാര്യമില്ലെന്നും പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണാനെത്തുന്ന എല്ലാവര്ക്കും ക്ഷേത്ര പ്രവേശനം ലഭിക്കുന്ന കാലത്ത് അവസാനത്തെ ഭക്തനായെ താൻ ക്ഷേത്രത്തില്‍ പ്രവേശിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തരം വിഷയത്തില്‍ ഇതാദ്യമായല്ല ശിവഗിരി മഠം പ്രതികരിക്കുന്നത്. മുമ്പ് ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് അധ്യക്ഷന്‍ സുകുമാരന്‍ നായരുമായുണ്ടായ വാഗ്വാദത്തിലും കേരളത്തില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവണമെന്നും ഗുരുവായൂരില്‍ കേറാന്‍ യേശുദാസ് ഇപ്പോഴും ക്യൂവിലാണെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാന്ദ പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് യേശുദാസുമായും ശിവഗിരി മഠം ചര്‍ച്ച നടത്തിയിരുന്നു. കാലക്രമേണ നിലപാട് മാറുമെന്നാണ് കരുതുന്നതെന്നാണ് അന്ന് യേശുദാസ് പറഞ്ഞത്. ഇപ്പോള്‍ അതിനുള്ള സമയമായെന്ന് സ്വാമി സച്ചിദാനന്ദ ഇതിന് മറുപടിയും നല്‍കിയിരുന്നു.
യേശുദാസിന്റെ അയ്യപ്പഭക്തിയും കൃഷ്ണഭക്തിയും ഒക്കെ അംഗീകരിച്ച് കൊണ്ട്, അദ്ദേഹത്തിന് ഗുരുവായൂർ ദർശനം നടത്താൻ അനുമതി കൊടുക്കുന്നതിൽ തെറ്റ്റൊന്നും ഇല്ല. കാരണം അദ്ദേഹം ഗരുവായൂരപ്പന്റെ ഭക്തനാണ്. ക്ഷേത്രങ്ങൾ വിശ്വാസികളുടെ ഇടമാണ്. ഇവിടെ ആചാരപരമായ നിയമങ്ങളുണ്ട്. അതെല്ലാം പാലിച്ച് കൊണ്ട് ഏതൊരു ഭക്തനും അവിടെ കയറാൻ കഴിയണം.
അതേപോലുള്ള ഒരാളായിരുന്നു കവി യൂസഫലി കേച്ചേരി. സംസ്കൃതവും ഭക്തിയും ഒത്തു ചേര്‍ന്നപ്പോളാണ് യൂസഫലിയിൽ കവിതകള്‍ ഭക്തിസാന്ദ്രമായത്.
കേച്ചേരിയുടെ രചനകളില്‍ എറ്റവും നിറഞ്ഞ് നിന്നത് കൃഷ്ണ ഭക്തിയായിരുന്നു. ഒരു ഇസ്ളാമിക കുടുബത്തിൽ ജനിച്ചിട്ടും അദ്ദേഹം ആദ്യം പഠിച്ചെടുത്തത് സംസ്കൃതം തന്നെയായിരുന്നു. അതു തന്റെ ഭാഷയെയും, വിശ്വാസത്തെയും, ജീവിതത്തെയും മാറ്റിമറിച്ചെന്ന് കേച്ചേരി അഭിമാനത്തോടെ പറയുമായിരുന്നു. ഗുരുവായൂരിൽ ഒരിക്കലെങ്കിലും കയറണമെന്ന് ഗുരുവായൂരപ്പഭക്തനായ യൂസഫലി കേച്ചേരി വല്ലാതെ ആഗ്രഹിച്ചിരുന്നു. അത് നിറവേറ്റാനാകാത്ത വിഷമത്തോടെ തന്നെയാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞതും.
ഹിന്ദുവായി ജനിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്ന ചില അവിശ്വാസികളേക്കാൾ മുൻഗണന കൊടുക്കേണ്ടത് യേശുദാസിനും യൂസഫലിക്കുമാണ്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ വരുന്നത് പോലെ ഗുരുവായൂരിൽ വന്നു പോകുന്ന ചിലരെക്കാൾ, തങ്ങളുടെ മനസ്സിലെ ഇഷ്ട ദൈവത്തിന്റെ മുന്നിൽ ഭക്തിയോടെ, ആദരവോടെ ഒരു പ്രാവശ്യം നില്ക്കാൻ കൊതിച്ച ഇവരെയല്ലേ നമ്മൾ സ്വാഗതം ചെയ്യേണ്ടത്..
കൃഷ്ണകൃപാസാഗരം, ജാനകീജാനേ, സ്വരരാഗ ഗംഗാപ്രവാഹമേ, എന്നീ ഗാനങ്ങൾ എഴുതിയ യൂസഫലിയും, ഭക്തിസാന്ദ്രമായ ഒട്ടേറെ ഗാനങ്ങൾ, ഭക്തിപൂർവ്വം തന്നെ ആലപിച്ച യേശുദാസും ഒരിക്കലും ക്ഷേത്രങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരല്ല. ശബരിമലക്ക് ഇല്ലാത്ത ഈ അയിത്തം ഗുരുവായൂരിന് ഉള്ളത് ഒരിക്കലും ഹിന്ദുക്കൾക്ക് അഭിമാനിക്കേണ്ട ഒരു കാര്യവുമല്ല.