‘ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സുകളെ എത്തിക്കുന്നത് തീവ്രവാദികള്‍ക്ക് ലൈംഗിക സേവയ്ക്കായി’: വിവാദ പ്രസ്താവനയുമായി ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ ദുര്‍ഗാ ദാസ്
ഹിന്ദു മഹാ സമ്മേളനത്തില്‍ പങ്കെടുത്ത പിസി ജോർജിൻ്റെ വിദ്വേഷ പ്രസ്താവനയ്ക്ക് പിന്നാലെ ഖത്തര്‍ മലയാളം മിഷന് കോര്‍ഡിനേറ്റര്‍ ദുര്‍ഗാ ദാസിൻ്റെ പ്രസ്താവനയും വിവാദമാകുന്നു. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും റിക്രൂട്ട്മെന്റിന്റെ പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്സുകളെ കൊണ്ടുപോകുന്നുവെന്നുമാണ് ദുർഗാ ദാസിൻ്റെ പ്രസ്താവന.
തീവ്രമുസ്ലീം വിരുദ്ധ നിലപാടുകളുള്ള കൃസ്ത്യൻ സംഘടനയായ ‘കാസ’യുടെ സംസ്ഥാന പ്രസിഡന്റ് കെവിന് പീറ്ററും ഹിന്ദു മഹാസമ്മേളന സംഘാടകരില്‍ ഒരാളായ അഡ്വ. കൃഷ്ണരാജും വേദിയില്‍ ഇരിക്കവേയാണ് ദുര്‍ഗാ ദാസ് വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദു കുടുംബത്തിലെ കുട്ടികളെ സനാതന ധര്‍മ്മത്തില്‍ വളര്‍ത്താന്‍ ന്യൂനപക്ഷ വകുപ്പിന്റെ മാതൃകയില്‍ സംവിധാനം ആവശ്യമാണെന്ന് പറഞ്ഞു തുടങ്ങിയ ദുർഗാ ദാസിൻ്റെ സംസാരം അവസാനിച്ചത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിനെ അടച്ചാക്ഷേപിച്ചു കൊണ്ടാണ് പിന്നീട് ഇയാള്‍ സംസാരിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലാണ് മതപരിവര്‍ത്തനം കൂടുതലെന്നും റിക്രൂട്ട്മെന്റിന്റെ പേരില്‍ തീവ്രവാദികള്‍ക്കു ലൈംഗിക സേവയ്ക്കായി നഴ്സുകളെ എത്തിക്കുന്നുവെന്നും
ഇയാള്‍ സമ്മേളനത്തില്‍ പറഞ്ഞു. ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും വിവാദങ്ങള്‍ക്കു വഴിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് ഇയാളുടെ മലയാളം മിഷനിലെ സ്ഥാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ഈ വര്‍ഷം ഏപ്രില്‍ 22ന് മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട പങ്കെടുത്ത പരിപാടിയിലും അതിഥിയായി ദുര്‍ഗാദാസ് ഉണ്ടായിരുന്നു.
Content Highlight: Another hate speech in Hindu Maha Sammelan: Qatar Malayalam Mission Coordinator Durgadas says Nursing recruitments to Gulf countries are human sex trafficking for terrorists