സ്പേസിൽ കഴിഞ്ഞിരുന്ന സുനിതക്ക് പലഹാരവും കുംഭമേളയുടെ ഫോട്ടോകളും അയച്ചെന്ന് കസിൻ; ഇപ്പോൾ സ്വീകരിക്കാൻ കാത്തിരിക്കുന്നത് ഗുജറാത്തിലെ ഒരു ഗ്രാമം മുഴുവനും

സുനിത വില്യംസ് ഏറെനാളത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇപ്പോൾ മണ്ണിൽ കാല് കുത്തിയിരിക്കുകയാണ്. ഗുജറാത്തിലെ ഒരു ഗ്രാമം അവരെയും കാത്തിരിക്കുന്നു എന്നാണ് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ.
ഇത്തവണ അവധിക്കാലം ആഘോഷിക്കാനായി തങ്ങളുടെ പേരക്കുട്ടി നാട്ടിലേക്ക് വരുന്നതിനുള്ള ഒരുക്കങ്ങളിലാണ് ഒരു ഇന്ത്യൻ ഗ്രാമം. ഒമ്പത് മാസത്തെ പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും ശേഷം ഭൂമി തൊട്ട സുനിത വില്യംസ് തന്നെയാണ് ആ പേരക്കുട്ടി. കാത്തിരിക്കുന്നത് ഗുജറാത്തിസെ ജുലാസൻ എന്ന ചെറിയ ഒരു ഗ്രാമമാണ്. അവർക്ക് സുനിത തങ്ങളുടെ പ്രിയപ്പെട്ട ഡോ.ദീപക് പാണ്ഡ്യയുടെ മകളാണ്. അവരുടെ പേരക്കിടാവ് എന്ന നിലയിലാണ് അവരൊക്കെ സുനിതയെ കാണുന്നത്. സദ്യയും പാട്ടും ഡാൻസുമൊക്കയായി സുനിതയുടെ സുരക്ഷതിമായ മടങ്ങിവരവ് ഉത്സവമാക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം.
സുനിത ബഹിരാകാശ നിലയത്തിൽ എത്തിയ ശേഷം, സാങ്കേതിക തകരാറുകൾ മൂലം മടക്ക യാത്ര ഏറെ നീണ്ടുപോയിരുന്നു. അന്ന് മുതൽ ഈ ഗ്രാമ വാസികൾ നേർന്ന എല്ലാ വഴിപാടുകളും ഇനി പൂർത്തീകരിക്കണം. ഗ്രാമത്തിലെ ദേവിക്ഷേത്രത്തിൽ അഖണ്ഡ ജ്യോതി തെളിയിച്ചിരുന്നു. ഇതിന്റെ പിന്നാലെ പ്രാർത്ഥനാജാഥയും വെടിക്കെട്ടും നടത്തുമെന്നാണ് സുനിതയുടെ ബന്ധുവായ നവീൻ പാണ്ഡ്യ പറയുന്നത്.
സുനിതയുടെ പിതാവായ ഡോ. ദീപക് പാണ്ഡ്യ, മെഹ്സാന ജില്ലയിലുള്ള ജുൻസാൻ ഗ്രാമത്തിലാണു ജനിച്ചത്. 1957 ൽ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. വധിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹരേൻ പാണ്ഡ്യയുടെ ഇളയച്ഛനാണു ഡോ. ദീപക് പാണ്ഡ്യ.സുനിതയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരിൽ ഈ ഗ്രാമത്തിൽ ഒരു ലൈബ്രറിയുമുണ്ട്
അതേസമയം സുനിത പൂർണ ആരോഗ്യവതിയാകാൻ കാത്തിരിക്കുകയാണെന്നും ഗ്രാമത്തിലേക്ക് ക്ഷണിക്കുമെന്നും നാട്ടുകാർ പറയുന്നു. 2007 ൽ റെക്കോർഡുകൾ ഭേദിച്ച ആദ്യ ബഹിരാകാശ യാത്ര നടത്തിയശേഷം സുനിത ജുലാസനിലെത്തിയിരുന്നു. അന്നു ജനങ്ങൾ നൽകിയ വലിയ സ്വീകരണച്ചടങ്ങിൽ ‘അമേരിക്കൻ പൗരത്വമാണ് എനിക്കുള്ളതെങ്കിലും ഞാൻ ഇപ്പോഴും ഇന്ത്യയുടെ പുത്രിയാണ്; കൂടാതെ ജുലാസന്റെ പുത്രിയാണ്’ എന്നും സുനിത പറഞ്ഞ കാര്യം ഗ്രാമവാസികൾ ഇപ്പോളും ഓർമ്മിക്കുന്നുണ്ട്.
സുനിത സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ അതിയായി സന്തോഷിക്കുന്നുവെന്നും അവിശ്വസനീയമായിരുന്ന നിമിഷമായിരുന്നെന്നും സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യയും പറയുന്നു. സുനിതയുടെ ജന്മദിനത്തിന് ഇന്ത്യൻ മധുരപലഹാരമായ കാജു കട്ലി അവർക്ക് അയച്ചിരുന്നു എന്നും ഫാൽഗുനി പറയുന്നു.
അടുത്തിടെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാ കുംഭമേളയിൽ തങ്ങൾ പങ്കെടുക്കുന്നു എന്ന കാര്യം പറഞ്ഞപ്പോൾ സുനിത വളരെയധികം ആകാംക്ഷഭരിതയായെന്നും, എല്ലാ കാര്യങ്ങളും വിശദമായി പറയാൻ ആവശ്യപ്പെട്ടെന്നും ഫാൽഗുനി പറയുന്നു. കുംഭമേളയ്ക്ക് പോയതിന്റെ ചിത്രങ്ങൾ അയച്ച് തരാൻ സുനിത സ്പേസിൽ ആയിരുന്നപ്പോൾ ആവശ്യപ്പെട്ടെന്നും സഹോദര ഭാര്യ അവകാശപ്പെടുന്നു.
’ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സ്നേഹത്തെക്കുറിച്ച് സുനിതയ്ക്ക് നന്നായി അറിയാം. എനിക്കുറപ്പാണ് സുനിത ഇന്ത്യയിലേയ്ക്ക് വരുമെന്ന്. എപ്പോൾ എന്നത് മാത്രമാണ് ഇനിയുള്ള വിഷയ’മെന്നും ഫാൽഗുനി പാണ്ഡ്യ പറയുന്നു. ആ ഗ്രാമം ഇപ്പോൾ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഡാൻസും പാട്ടുമൊക്കെയായി അവിടുത്തെ നിഷ്കളങ്കരായ ജനങ്ങൾ സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള തിരിച്ച് വരവ് ആഘോഷിക്കുകയാണ്.