ഒടുവില്‍ കുഞ്ഞിന്റെ സംശയത്തില്‍ വെളിപ്പെട്ടത് വർഷങ്ങളായുള്ള പിതാവിന്റെ ലൈംഗിക പീഡനം

കാരണം രണ്ടുപിടിക്കാനാവാതെ നിരന്തരം വയറുവേദനയുമായി എട്ടുവയസുകാരിയുമായി അമ്മ ഹോസ്പിറ്റലുകള്‍ കയറിയിറങ്ങി..ഒടുവില്‍ കുഞ്ഞിന്റെ സംശയത്തില്‍ വെളിപ്പെട്ടത് വർഷങ്ങളായുള്ള പിതാവിന്റെ ലൈംഗിക പീഡനം. സ്വന്തം മകളെ അഞ്ചു വയസു മുതല്‍ എട്ടു വയസുവരെയുള്ള കാലയളവില്‍ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതി മരണം വരെ തടവില്‍ കഴിയണമെന്നും ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവിൻ്റെ ഉത്തരവില്‍ പറയുന്നു.
2020-ലാണ് പിതാവിന്റെ ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്. പെണ്‍കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പിതാവ് വീട്ടില്‍ വെച്ച് നിരന്തരമായി ലൈംഗികമായി ഉപദ്രവിച്ചതായാണ് മൊഴി. സ്ഥിരമായി വയറുവേദന അനുഭവിച്ചിരുന്ന കുട്ടി മാതാവിനൊപ്പം നിരന്തരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 2020-ല്‍ ഒരു ദിവസം ആശുപത്രിയില്‍ പോകുന്നതിനായി ബസ് കാത്തുനില്‍ക്കുമ്ബോള്‍, പിതാവ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണോ വയറുവേദന മാറാത്തതെന്ന് കുട്ടി അമ്മയോട് സംശയമായി ചോദിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്മ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് വർഷങ്ങളായുള്ള പീഡനവിവരം പുറത്തറിഞ്ഞത്
ഇതോടെ മാതാവ് വിവരം പോലീസില്‍ അറിയിക്കുകയും കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് വീടുകളില്‍ വെച്ചും പീഡിപ്പിച്ചിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. മൊഴി പറയാൻ കോടതിയിലെത്തിയ ദിവസം കുട്ടിയുടെ അമ്മ ബോധരഹിതയായി വീണു.
അതേസമയം സ്വന്തം പിതാവില്‍ നിന്ന് മകള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരമായ ലൈംഗിക അതിക്രമത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിഴ ഒടുക്കുന്ന പക്ഷം ആ തുക കുട്ടിക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ആറ് വർഷം അധിക തടവിനും കോടതി വിധിച്ചു. കൂടാതെ, കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്കാൻ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു.
2020-ല്‍ കരിമണ്ണൂർ പൊലീസ് ഇൻസ്പെക്ടർ പിടി ബിജോയ് അന്വേഷണം നടത്തിയ കേസില്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർ പികെ ആശ പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയില്‍ കോടതിയില്‍ ഹാജരായി.