ആറു പേർക്ക് പുതുജീവൻ നൽകി ബിജിലാൽ വിടപറഞ്ഞു; ദാനം ചെയ്തത് രണ്ട് വൃക്കയും കരളും ഹൃദയവാൽവും രണ്ട് നേത്രപടലങ്ങളും

സർക്കാർ മെഡിക്കൽ കോളേജിൽ വെച്ച് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം കിഴാറൂർ കാറാത്തലവിള ബിജിലാൽ കൃഷ്ണ ഇനി ആറു പേർക്ക് പുതുജീവനേകും. ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാൽവും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കായി ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീ.ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും നേത്രപടലം തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമാണ് നൽകിയത്.
2025 ജൂലൈ ഏഴിന് രാവിലെ 5.50നാണ് കവടിയാറിൽ വച്ച് ബിജിലാൽ കൃഷ്ണയുടെ ബൈക്ക്, ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബിജിലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 17ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. അവയവദാനത്തിന് തയ്യാറായ ബിജിലാലിന്റെ കുടുംബത്തിന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.