ഫോമാ രാജ്യാന്തര വാണിജ്യ – വ്യവസായ സംഗമം ‘എംപവര്‍ കേരള‘യ്ക്ക് വ്യാഴാഴ്ച്ച കൊച്ചിയില്‍ തുടക്കം; എംഎ യൂസഫലി ഉദ്ഘാടനം ചെയ്യും
വാണിജ്യ വ്യാപാര വിഷയങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കും, വിപണന – വില്‍പ്പന സാധ്യതകളെ കുറിച്ച് അറിവ് പങ്കുവെക്കുന്നതിനുമായുള്ള ഫോമാ രാജ്യാന്തര വാണിജ്യ സംഗമത്തിന് വ്യാഴാഴ്ച്ച കൊച്ചിയില്‍ തുടക്കമാകും. ‘എംപവര്‍ കേരള’ സമ്മേളനം ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിലാണ് നടക്കുക. ലുലു ഗ്രൂപ്പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എംഎ യൂസഫലി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പ്രമുഖ വ്യവസായികളായ വര്‍ക്കി എബ്രഹാം, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ടിഎസ് പട്ടാഭിരാമന്, വികെ മാത്യുസ്, ജോണി കുരുവിള, വിപി നന്ദകുമാര്‍, സാബു ജേക്കബ്, ഡോക്ടര്‍ വിജു ജേക്കബ് സിന്തൈറ്റ്, എവി അനൂപ്, പ്രവീഷ് കുഴിപ്പള്ളി, പ്രിന്‍സണ്‍ ജോസ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ഫോമയുടെ ബിസിനസ്സ്മാന്‍ ഓഫ് ദ ജനറേഷന് അവാര്‍ഡ് യൂസഫലിക്ക് സമ്മാനിക്കും. ചടങ്ങില്‍ വിശിഷ്ടാതിഥികളെ ഗസ്റ്റ് ഓഫ് ഹോണേഴ്സ് അവാര്‍ഡ് നല്കി ആദരിക്കും.
പ്രഭാഷണങ്ങള്‍
ഇരുന്നൂറ് ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സാങ്കേതിക മാറ്റവും ഡിജിറ്റലൈസേഷനും കോവിഡാനന്തര ലോകത്തിലെ നൂതന വ്യവസായ സാധ്യതകള്‍ (Technological Change & Digitization and Innovative Business Opportunities in the post-COVID World) എന്ന വിഷയത്തില്‍ ഐടി പാര്‍ക്ക് കേരള സിഇഒ ജോണ്‍ എം ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. കേരള സര്‍വകലാശാല ഡിജിറ്റല്‍ സയന്‍സ് വിഭാഗം വൈസ് ചാന്‍സലര്‍ ശ്രീ. സജി ഗോപിനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജിസിഡിഎ ചെയര്മാന് ചന്ദ്രന് പിള്ള മുഖ്യാതിഥി ആയിരിക്കും. ഐബിഎസ് സോഫ്റ്റ്വെയര് സര്‍വീസസ് സ്ഥാപകനും ചെയര്‍മാനുമായ വികെ മാത്യുസ് വിഷയത്തെ കുറിച്ച് സംസാരിക്കും. ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പോള്‍ തോമസ്, വികെഎല്‍ ഹോള്‍ഡിംഗിന്റെയും അല്‍ നമാല്‍ ഗ്രൂപ്പിന്റെയും അദ്ധ്യക്ഷന്‍ ഡോക്ടര്‍ വര്‍ഗ്ഗീസ് കുര്യന്, എബിഎന്‍ കോര്പ്പറേഷന് വൈസ് ചെയര്മാന് ജെകെ മേനോന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ‘വിനോദ സഞ്ചാര മേഖല സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ വികസിപ്പിക്കുന്നു’വെന്നും, (How Tourism Develops the Infrastructures of our State) ‘സംസ്ഥാനത്തെ ചെറുകിട വ്യാപാര വ്യവസായ സംരംഭകര്‍ക്കുള്ള അവസരങ്ങളും വെല്ലുവിളികളും (Opportunities and Challenges for Entrepreneurship and Small Business Owners in Kerala) എന്നീ വിഷയങ്ങളില്‍ കേരള ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വാസുദേവന്‍ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും. പ്രഭാഷണ ചടങ്ങില്‍ നോര്‍ക്ക റസിഡന്റ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ആസാ ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സിപി സാലിയ, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി സുനില്‍ കുമാര്‍, സഫാരി ടിവി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര, എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇഎം നജീബ്, അംബിക കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് സിഇഒ പ്രവീഷ് കുഴിപ്പള്ളി, പ്രിന്‍സ് ജ്വല്ലറിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രിന്‍സണ്‍ ജോസ്, യുകെ ഗ്രൂപ്പ് ചെയര്‍മാനായ യുകെ യൂസഫ്, ഫോമയുടെ ട്രഷറര്‍ ശ്രീ. തോമസ് ടി ഉമ്മന്‍ എന്നിവരും പങ്കുചേരും.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, എംപി ഹൈബി ഈഡന്, വൈപ്പിന്‍ എംഎല്‍എ കെഎന്‍ ഉണ്ണികൃഷ്ണന്, കേരള വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ വേണു വാസുദേവന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നോര്‍ക്ക റെസിഡന്റ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫോമയുടെ കേരള കണ്‍വന്‍ഷന്റെ ഭാഗമായാണ് എംപവര്‍ കേരള കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. വ്യവസായികളെ സഹായിക്കുന്നതിനും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായി ഫോമയുടെ കീഴിലുള്ള ബിസിനസ്സ് ഫോറത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഊന്നിയാണ് വാണിജ്യ – വ്യവസായ സംഗമം നടക്കുന്നത്. ഫോമ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടാണ് വാണിജ്യ-വ്യവസായ സംഗമത്തിന്റെ ചെയര്മാന്. സമ്മേളനം വിജയമാക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Content Highlight: FOMAA International business meet ‘Empower Kerala’ to commence at Kochi on Thursday