വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു; മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമെന്ന് റിപ്പോർട്ട്

വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 മരണം. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്.
തലസ്ഥാനമായ ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ കുറഞ്ഞത് എട്ട് പേർ കുട്ടികളാണെന്നാണ് വിഎൻഎക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
അപകടത്തിൽ കാണാതായവർക്കുള്ള തിരിച്ചലിന് കനത്ത മഴ ഇപ്പോൾ തടസ്സം സൃഷ്ടിക്കുന്നതായാണ് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട 11 പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.