പാഠപുസ്തകങ്ങള്‍ ഇല്ല; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി ശിവന്‍കുട്ടി

കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആദ്യ പാദ പരീക്ഷകള്‍ക്ക് കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട എന്‍സിഇആര്‍ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ വളരെ ഗൗരവകരമാണ്. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാന്‍ സാധിക്കില്ല. ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന് വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍സിഇആര്‍ടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ അനാസ്ഥ അംഗീകരിക്കാനാവില്ല. പുസ്തകങ്ങള്‍ സ്കൂളില്‍ ലഭ്യമാക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയും സ്വകാര്യ ബുക്ക് സ്റ്റോളുകള്‍ വഴിയും വിതരണം ചെയ്യാനാണ് നീക്കം. അതോടെ പുസ്തകങ്ങള്‍ നിശ്ചയിച്ചതിലും വലിയ വിലയ്ക്ക് വിദ്യാര്‍ഥികള്‍ വാങ്ങിക്കേണ്ട അവസ്ഥ വരും. വിദ്യാര്‍ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി അടിയന്തരമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം’- ഇതാണ് കുറിപ്പില്‍ അദ്ദേഹം പറയുന്നത്.