വിഎസിനെതിരെ അധിക്ഷേപ പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് കേസ്. പൊലീസ് ആക്ടും, ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദയാണ് അധിക്ഷേപം നടത്തിയത്.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മാലിന്യം ആണ് അച്യുതാനന്ദൻ എന്നും ആദ്യ വിവാഹബന്ധം വേർപെടുത്തി എന്ന കാരണത്താൽ ഉമ്മൻചാണ്ടിയുടെ മകളെ നിയമസഭയിൽ അധിക്ഷേപിച്ച അച്യുതാനന്ദനെ ഒരു കോൺഗ്രസുകാരനും മറന്നുപോകരുത് എന്നുമാണ് വൃന്ദ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. വിവാദമായതോയെ പോസ്റ്റ് വൃന്ദ റിമൂവ് ചെയ്തിട്ടുണ്ട്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ പിണറായി വിജയനേക്കാൾ വലിയ അധികാരമോഹിയാണ് അച്യുതാനന്ദൻ എന്നും 83 വയസ്സിൽ കേരളത്തിൻറെ മുഖ്യമന്ത്രിയായതോടെ വിഎസിൻ്റെ വാർദ്ധക്യം കൊണ്ട് മാത്രം കേരളത്തിന് പതിറ്റാണ്ടുകൾ പിന്നോട്ട് പോകേണ്ടിവന്നുവെന്നും വൃന്ദ പോസ്റ്റിൽ പറയുന്നുണ്ട്. വി.എസ്. അച്യുതാനന്ദൻ്റെ അധികാര കൊതിയെപ്പറ്റി പത്രങ്ങൾ എഴുതില്ലെന്നും സിപിഎമ്മുകാർക്ക് മാധ്യമങ്ങൾ കൊടുക്കുന്ന പ്രിവിലേജ് അതാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ വൃന്ദ കുറിച്ചിരുന്നു.