സംസ്ഥാനത്ത് കനത്ത നാശംവിതച്ച് മഴയും മിന്നല്‍ ചുഴലിയും; നിരവധി വീടുകള്‍ നിലംപൊത്തി

ഇപ്പോളത്തെ കനത്ത മഴയിലും മിന്നല്‍ ചുഴലിയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം ആണ് റിപ്പോർട്ട് ചെയ്യുന്നത്. പാലക്കാട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ നാദാപുരം, മാവൂര്‍, കല്ലാച്ചി മേഖലയില്‍ ശക്തമായ കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് തോണി മറിഞ്ഞ് ഒരാളെ കാണാതായി. കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടന്‍ ചന്ദ്രന് (78) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശക്തമായ കാറ്റില്‍ മരം വീടിന് മുകളില്‍ പതിക്കുകയായിരുന്നു.