‘പാകിസ്ഥാന് ഇന്ത്യക്ക് എണ്ണ വില്‍ക്കും’; അമേരിക്കയുടെ നിര്‍ണായക നീക്കം

പാകിസ്ഥാന്റെ കൈവശമുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ കാര്യത്തില്‍ പാകിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടതായും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ കരാര്‍ പ്രകാരം ഏത് കമ്പനിയ്ക്കാണ് ചുമതല നല്‍കേണ്ടതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ നീക്കം ഒടുവില്‍ പാകിസ്ഥാന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു.
സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് വില കുറഞ്ഞ എണ്ണ വാങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനുമായി കരാര്‍ ഒപ്പിട്ടതായി ട്രംപിന്റെ പ്രഖ്യാപനം. ”പാകിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാര്‍ ഒപ്പിട്ടു. അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്കുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷേ പാകിസ്ഥാന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നും.” ട്രംപ് കുറിച്ചു.