രണ്ടാമതും ദേശീയ പുരസ്കാരം; നന്ദി പറഞ്ഞു സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ

71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി തമിഴ് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ. ധനുഷിനെ നായകനാക്കി തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ “വാത്തി” എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് ജി വി പ്രകാശ് കുമാർ അവാർഡ് സ്വന്തമാക്കിയത്. രണ്ടാമത്തെ തവണയാണ് അദ്ദേഹം ദേശീയ പുരസ്കാരത്തിന് അർഹനായത്. ഏതാനും വർഷങ്ങൾക്ക് മുൻപ് സൂര്യ നായകനായ സുധ കൊങ്ങര ചിത്രം ‘സൂരറായ് പോട്രൂ’ വിന് പശ്ചാത്തല സംഗീതം നൽകിയും അദ്ദേഹം ദേശീയ പുരസ്കാരം നേടിയിരുന്നു.

അവാർഡ് നേട്ടത്തിൽ “വാത്തി” ചിത്രവമായി ബന്ധപെട്ടു പ്രവർത്തിച്ച ഏവർക്കും അദ്ദേഹം നന്ദി പറഞ്ഞു. തന്നെ ഈ ചിത്രത്തിലേക്ക് നിർദേശിച്ച ധനുഷ്, തന്നെ ഇതിലേക്ക് തിരഞ്ഞെടുത്ത സംവിധായകൻ വെങ്കി അറ്റ്ലൂരി, ചിത്രത്തിന്റെ നിർമ്മാതാക്കളായ നാഗ വംശി, തിരുവിക്രം, ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച ഗായകർ, വരികൾ എഴുതിയവർ, തന്റെ സൗണ്ട് എൻജിനീയർ ജോസൻ ഉൾപ്പെടെ സംഗീത വിഭാഗത്തിൽ പ്രവർത്തിച്ചവർ എല്ലാവർക്കും ജി വി പ്രകാശ് കുമാർ നന്ദി അറിയിച്ചു.
സിതാര എന്റർടൈൻമെന്റ്, ഫോർച്ചുണ് ഫോർ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ഒരുക്കിയ “വാത്തി” തമിഴിലും തെലുങ്കിലും ആയാണ് ഒരുക്കിയത്. “സർ” എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിന് എത്തിയത്. വമ്പൻ വിജയം നേടിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.