ഷോളയാർ ഡാമിലെ അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി ജലനിരപ്പു ക്രമീകരിക്കാൻ അനുമതി

ഷോളയാർ ഡാമിലെ അധികജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി ജലനിരപ്പു ക്രമീകരിക്കാൻ അനുമതി, അനുമതി നൽകി കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. കേരള സർക്കാരിന്റെ 2024ലെ കാലവർഷ-തുലാവർഷ മുന്നൊരുക്ക ദുരന്തപ്രതികരണ മാർഗരേഖ പ്രകാരമാണ് ഉത്തരവ്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാലും ഡാമിലേക്കുള്ള നീരൊഴുക്കു വർധിച്ചതിനാലും ജലനിരപ്പു ക്രമീകരിക്കാനായി ഷോളയാർ ഡാമിൽ നിന്നു ഘട്ടംഘട്ടമായി ഗേറ്റുകൾ തുറന്നു പരമാവധി 400 ക്യുമെക്സ് വരെ ജലം അധികമായി പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നൽകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 31നു ഷോളയാർ ജലസംഭരണിയിലെ ജലനിരപ്പ് 2661.90 അടിയാണെന്നും പറമ്പി ആളിയാർ പദ്ധതി കരാർ പ്രകാരം സെപ്റ്റംബർ ഒന്നിനു ഡാം പരമാവധി ജലനിരപ്പായ 2663 അടിയിൽ നിയന്ത്രിക്കേണ്ടതാണെന്നും എക്സിക്യൂട്ടീവ് എൻജിനീയർ ചൂണ്ടിക്കാട്ടിയിരുന്നു.