സിആർപിഎഫ് വനിതാ ഓഫീസറുടെ വീട്ടില്‍ മോഷണം ,പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥ എന്ന് ആരോപണം

ജമ്മു കാശ്മീരില്‍ സേവനം ചെയ്യുന്ന സിആർപിഎഫ് വനിതാ ഓഫീസറുടെ തമിഴ്നാട്ടിലെ വീട്ടില്‍ മോഷണം. കുടുംബം നല്കിയ മോഷണക്കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് ആരോപിച്ച് ക്യാമറയ്ക്ക് മുന്നില്‍ കണ്ണീരോടെ ഓഫീസർ .സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, 32 കാരിയായ കലാമതി തന്റെ വിവാഹത്തിനായി മാറ്റിവെച്ച ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്നും പ്രാദേശിക പൊലീസ് കൃത്യസമയത്ത് നടപടിയെടുത്തില്ലെന്നും കണ്ണീരോടെ പറയുന്നുണ്ട്.
പൊലീസ് നടപടികളിലെ കാലതാമസം മോഷണക്കേസ് ദുർബലമാക്കുന്നുണ്ടെന്ന് കലാമതി ആരോപിച്ചു. ജൂണ്‍ 24ന് പൊന്നൈക്ക് സമീപമുള്ള നാരായണപുരം ഗ്രാമത്തിലെ വീട്ടിലാണ് മോഷണം നടന്നതെന്ന് കലാമതി പറഞ്ഞു. അന്ന് കലാമതിയുടെ അച്ഛനും സഹോദരനും കൃഷിയിടത്തില്‍ ജോലിക്ക് പോയപ്പോള്‍ അമ്മ കന്നുകാലികളെ മേയ്ക്കാൻ പോയിരുന്നു.
വിവാഹത്തിനായി സൂക്ഷിച്ചിരുന്ന എല്ലാ ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. വൈകുന്നേരം 5.30ഓടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകർത്ത നിലയില്‍ കണ്ടത്, ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഇത് കണ്ട് കരഞ്ഞ മാതാപിതാക്കളെ കണ്ട ശേഷം സഹോദരൻ ജൂണ്‍ 24ന് പരാതി നല്കി. എന്നാല്‍ ജൂണ്‍ 25ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് ആരും അന്വേഷിക്കാൻ വന്നില്ല. പിന്നീട് ജൂണ്‍ 28നാണ് ഫിംഗർപ്രിന്റുകള്‍ ശേഖരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതതെന്ന് കലാമതി വീഡിയോയില്‍ പറഞ്ഞു.
കലാമതിയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയിലായ കുടുംബം തകർന്നുപോയെന്നും പൊലീസിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കാര്യമായ തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും കലാമതി ആരോപിച്ചു. ബിജെപി നേതാവ് കെ അണ്ണാമലൈ ഈ വീഡിയോ എക്സില്‍ പങ്കുവെച്ചു. ഒരു യൂണിഫോമിട്ട സ്ത്രീയെ, ചുമലില്‍ രാജ്യത്തിന്റെ പതാകയുമായി നീതിക്കായി ഓണ്‍ലൈനില്‍ യാചിക്കാൻ നിർബന്ധിതയാക്കുന്ന എന്ത് തരം ഭരണമാണിതെന്ന് അദ്ദേഹം ചോദിച്ചു.
ജൂണ്‍ 24ന് കലാമതിയുടെ അച്ഛൻ കുമാരസാമി വീട്ടില്‍ നടന്ന മോഷണത്തെക്കുറിച്ച് പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പരാതി പ്രകാരം, കലാമതിയുടെ വിവാഹത്തിനായി മാറ്റിവെച്ചിരുന്ന 15 പവൻ സ്വർണാഭരണങ്ങളും, 50,000 രൂപയും ഒരു പട്ടുസാരിയും മോഷ്ടിക്കപ്പെട്ടു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ജൂണ്‍ 25ന് കേസ് രജിസ്റ്റർ ചെയ്തതായും ഫിംഗർപ്രിന്റ് സാമ്ബിളുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതായും പൊലീസ് പറഞ്ഞു.
ജൂണ്‍ 29-ന് മോഷ്ടിക്കപ്പെട്ട ആഭരണങ്ങളുടെ തൂക്കം 22.5 പവനാണെന്ന് പരാതിക്കാരൻ മൊഴി തിരുത്തിയതായും പൊലീസ് അറിയിച്ചു. മുമ്ബ് കലാമതിയെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്ത സന്തോഷിനെതിരെ കുമാരസാമി സംശയം പ്രകടിപ്പിച്ചതായും പൊലീസ് പറഞ്ഞു. അന്വേഷണം കാലതാമസമില്ലാതെ പുരോഗമിക്കുകയാണെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസം നേരിട്ടെന്ന കലാമതിയുടെ ആരോപണം തള്ളിക്കൊണ്ട് പൊലീസ് വ്യക്തമാക്കി.