അമേരിക്കക്ക് പണികൊടുക്കാൻ ഒരുങ്ങുന്ന ഇന്ത്യ റഷ്യ ചൈന സഖ്യം; എന്ത് വിലകൊടുത്തും സഖ്യത്തിൽ വിള്ളൽ വീഴ്ത്താൻ കരുക്കളുമായി ഡൊണാൾഡ് ട്രംപും

ഇന്ത്യ അമേരിക്കയുമായി അകലുമ്പോൾ ചൈനയുമായി കൂടുതൽ അടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം വീണ്ടും ആരംഭിക്കും എന്നും പറയുന്നു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളോട് ചൈനയിലേക്ക് അടിയന്തരമായി സർവീസ് നടത്താൻ തയ്യാറായിരിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ചൈന ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ലഘൂകരിച്ചതോടെയാണ് ഇരു രാജ്യങ്ങളും കൂടുതൽ അടുക്കുകയാണെന്ന സൂചനകൾ ലഭിച്ചത്.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ അമേരിക്ക നീക്കങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളും കൈകോർക്കുന്നത്. കോവിഡ്-19 സമയത്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വ്യോമ ബന്ധം നിർത്തിവെച്ചത്.
കൂടാതെ 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. ഏറെ നാളുകളായി ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലായിരുന്നു അത്. ഈ സംഭവം ഉഭയകക്ഷി ബന്ധത്തേയും സാരമായി ബാധിച്ചു. ഏറ്റുമുട്ടലിന് ശേഷം ചൈനയും ഇന്ത്യയും നിയന്ത്രണരേഖയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുകയും ചെയ്തു. ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ വർഷമാണ് കിഴക്കൻ ലഡാക്കിലെ ദെപ്സാങ്ങിലും ഡെംചോക്കിലും സൈനിക പിന്മാറ്റം നടന്നത്.
ഗാൽവാൻ സംഘർഷത്തിന് ശേഷം ചൈനയ്ക്കെതിരായ നടപടികൾ ഇന്ത്യയും കടുപ്പിച്ചിരുന്നു. ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായിരുന്നു ഇതിൽ പ്രധാനം. കൂടാതെ ഇറക്കുമതികളിൽ സൂക്ഷ്മ പരിശോധന ഏർപ്പെടുത്തുകയും വിമാന സർവ്വീസുകൾ നിർത്തിവെയ്ക്കുകയും ചെയ്തു.
ഇപ്പോൾ സമീപകാലത്തായി ഉഭയകക്ഷി ബന്ധത്തിൽ ചെറിയ പുരോഗതികൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ചൈനീസ് പൗരൻമാർക്ക് വിനോദസഞ്ചാരത്തിനുള്ള വിസ അനുവദിക്കുന്നതിലേർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ നീക്കിയിരുന്നു.
ഇപ്പോൾ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെ ടിയാൻജിൻ സന്ദർശിക്കും. 2019-ന് ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്. മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത ചൈന, ഉച്ചകോടി ഐക്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഫലപ്രദമായ കൂടിക്കാഴ്ചയായിരിക്കുമെന്ന് പ്രതികരിച്ചു.
യുക്രൈൻ യുദ്ധം ആരംഭിച്ച മുതൽ റഷ്യയും ചൈനയുമായി സാമ്പത്തികമായും രാഷ്ട്രീയമായും കൂടുതൽ അടുപ്പം പുലർത്തുന്നുണ്ട്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനും യുക്രൈൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിനും ഇന്ത്യക്ക് അമേരിക്കയിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ട്. വ്യാപാരം, സാങ്കേതികവിദ്യ, തായ്വാൻ തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയുമായി വർദ്ധിച്ചുവരുന്ന സംഘർഷത്തിലാണ് ചൈന.
ഇതെല്ലം ഒത്തുവരുമ്പോളാണ് റഷ്യയും ചൈനയും ഇന്ത്യയും തമ്മിലൊരു “സഖ്യം” രൂപപ്പെടാൻ കളമൊരുങ്ങുന്നത്. പ്രായോഗിക സഹകരണം തന്നെയാണ് മൂന്നു രാജ്യങ്ങളും ലക്ഷ്യം വെയ്ക്കുന്നത്.
ചൈനയുമായും റഷ്യയുമായും ഒരുപോലെ നല്ല ബന്ധം നിലനിർത്തുന്ന ഇന്ത്യയുടെ നിലപാട് ട്രംപിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്. ഈ മൂന്ന് ശക്തികൾ തമ്മിലുള്ള സഹകരണം അമേരിക്കൻ ആധിപത്യത്തിന് വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്. അതുകൊണ്ട് എന്ത് മാർഗം സ്വീകരിച്ചും ഈ സഖ്യത്തിൽ വിള്ളൽ വീഴ്ത്താൻ തന്നെയാകും അമേരിക്ക ശ്രമിക്കുന്നത്.