ആഴമേറിയ പൊട്ടക്കിണറ്റിൽ വീണ് 13മണിക്കൂറിനു ശേഷം രക്ഷപെടുത്തി

ഭാഗ്യക്കുറി വിൽപനക്കാരിയായ യമുനയെ ശരിക്കും ഭാഗ്യം തുണച്ചു . ആഴമേറിയ പൊട്ടക്കിണറ്റിൽ വീണ് 13 മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട ശേഷമുള്ള അദ്ഭുത രക്ഷപ്പെടൽ. കൊട്ടാരക്കര റെയിൽവേസ്റ്റേഷന് സമീപം ശിവവിലാസത്തിൽ യമുനയാണു 12നു രാവിലെ പതിനൊന്നോടെ കിണറ്റിൽ വീണത്. കോരിച്ചൊരിയുന്ന മഴയിലും പൊലീസും അഗ്നിശമനസേനയും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ പുലർച്ചെയോടെയാണു രക്ഷപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്തു ലോട്ടറിക്കട നടത്തുന്ന യമുന പച്ചമരുന്ന് ശേഖരിക്കാനായി ഉഗ്രൻകുന്നിലെ ആളൊഴിഞ്ഞ പ്രദേശത്തേക്കു സ്കൂട്ടറിൽ പോയതാണ്. സ്കൂട്ടർ വഴിയരികിൽ വച്ച ശേഷം ഹെൽമറ്റ് തലയിൽ നിന്നു മാറ്റാതെതന്നെ നെയ് വള്ളിയില എന്ന പച്ചമരുന്ന് പറിച്ചു കവറിലാക്കി.തിരികെനടക്കുമ്പോഴാണു കാൽവഴുതി കിണറ്റിൽ വീണത്. തകരഷീറ്റ് മൂടിയ കിണറായിരുന്നു. ഷീറ്റിന്റെ ഒരു ഭാഗം തകർന്നാണു താഴേക്കു പതിച്ചത്. ഉറക്കെ കരഞ്ഞെങ്കിലും 13 തൊടികളുള്ള, ഷീറ്റ് മൂടിയ കിണറ്റിൽ നിന്നു ശബ്ദം പുറത്തെത്തിയില്ല. വിജനമായ സ്ഥലമായതിനാൽ ആരും ശ്രദ്ധിച്ചതുമില്ല. ഹെൽമെറ്റ് തലയിൽ നിന്നു മാറ്റാതെയാണു 13 മണിക്കൂറോളം കിണറ്റിൽ കഴിഞ്ഞത്. അതിനാൽ മുകളിൽനിന്നു കല്ലുകൾ ചിതറിവീണെങ്കിലും പരുക്കേറ്റില്ല. യമുനയെ കാണാതായതോടെ ഭർത്താവ് ദിലീപും കുടുംബവും തിരച്ചിൽ തുടങ്ങി. ലോട്ടറി വിൽപനയ്ക്കായി പോകുന്ന സ്ഥലങ്ങളിൽ കാണാതായതോടെ ആറരയോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.