കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ: സോളർ പാനൽ വയ്ക്കുന്നതിനുള്ള സബ്സിഡി തുക അനുവദിക്കുന്നതിൽ കാലതാമസമെന്ന് പരാതി

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സോളർ പാനൽ വയ്ക്കുന്നതിനുള്ള സബ്സിഡി തുക അനുവദിക്കുന്നതിൽ കാലതാമസം വരുന്നതായി പരാതി. വീട്ടിൽ സോളർ സ്ഥാപിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും സബ്സിഡി ലഭിക്കാത്തവർ നിരവധിയുണ്ട് ജില്ലയിൽ . കെഎസ്ഇബി അസി. എൻജിനീയർ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ഈ അപേക്ഷ സാക്ഷ്യപ്പെടുത്തി അനുമതി നൽകേണ്ടത്. പെട്ടെന്നു നൽകാൻ സാധിക്കുന്ന ഈ അനുമതി അകാരണമായി വൈകിപ്പിക്കുന്നുവെന്നാണ് പരാതി.
3 കിലോവാട്ടിന് മുകളിലുള്ള സോളർ പാനൽ സജ്ജീകരിച്ചവർക്ക് 78,000 രൂപയാണ് ഇത്തരത്തിൽ സബ്സിഡി തുക ലഭിക്കുക. ഇത് നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണ് എത്തുക.2 ലക്ഷം രൂപയോളം ബാങ്ക് ലോൺ എടുത്തു സോളർ പാനൽ ഒരുക്കുന്ന സാധാരണക്കാർക്കു ഈ സബ്സിഡി ലഭിക്കുന്നതോടെ 1.22 ലക്ഷം രൂപ മാത്രം പിന്നീട് തിരികെ അടച്ചാൽ മതി. മാസം 1300–1400 തരത്തിൽ ഓരോ മാസവും തവണകളായി അടയ്ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ സബ്സിഡി തുക ലഭിക്കാൻ വൈകുന്നതോടെ ഓരോ മാസവും ആ തുകയുടെ വിഹിതവും കൂട്ടിയാണ് ഗുണഭോക്താക്കൾക്ക് ഇപ്പോൾ അടയ്ക്കേണ്ടി വരുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ ലോണും സോളർ പാനൽ സജ്ജീകരണവും ഒരുക്കാൻ സാധിക്കുമെങ്കിലും മാസങ്ങൾ പിന്നിട്ടാലും സബ്സിഡി തുകയ്ക്കുള്ള അനുമതി ലഭിക്കുന്നില്ല. കെഎസ്ഇബിക്ക് സോളർ ഉപഭോക്താക്കളോടു താൽപര്യക്കുറവാണെന്നും സോളാറിന് കാര്യമായ പ്രോത്സാഹനം കെഎസ്ഇബി ഓഫിസുകളിൽ നിന്ന് ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ അപേക്ഷ വരുന്നതിന് അനുസരിച്ചു അനുമതി നൽകുന്ന ചുരുക്കം കെഎസ്ഇബി ഓഫിസുകളും ജില്ലയിലുണ്ട്.