കുട്ടികൾക്കിഷ്ടപ്പെട്ട നയവുമായി വിദ്യാഭ്യാസമന്ത്രി
ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ല, പണമില്ലാത്തതിന്റെ പേരില്‍ കുട്ടികളെ വിനോദയാത്രയില്‍ നിന്ന് ഒഴിവാക്കരുത്

സ്കൂള്‍ കുട്ടികളുമായി രാത്രിയില്‍ വിനോദയാത്ര പുറപ്പെടുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു സ്കൂളില്‍നിന്ന് വിനോദയാത്ര പുറപ്പെട്ടത് രാത്രി പത്തിനാണ്. രാത്രിയാത്ര പാടില്ലെന്ന് മുമ്ബ് നിർദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സാമ്ബത്തികശേഷിയില്ലാത്ത കുട്ടികളെ വിനോദയാത്രയില്‍ നിന്ന് ഒഴിവാക്കുന്നതും അനുവദിക്കാനാവില്ല. പാവപ്പെട്ട കുട്ടികളെ ഉള്‍പ്പെടുത്താൻ സ്കൂളുകള്‍ പ്രത്യേകം സംവിധാനമൊരുക്കണം.
രാത്രി 9 മുതൽ രാവിലെ 6 വരെ യാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തേതന്നെ നിർദേശം നൽകിയിരുന്നു. 2020 മാർച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവന്മാർക്കാണ്.
പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം. അപകടകരമായ സ്ഥലങ്ങളിലേക്ക് യാത്ര പോകരുത്.അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്ക് പോലും അവസരം നിഷേധിക്കപ്പെടുന്നത് അനീതിയാണ്. എല്ലാവരേയും ഉള്‍പ്പെടുത്താൻ കഴിയുന്നില്ലെങ്കില്‍ വിനോദയാത്ര വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.രക്ഷിതാക്കളില്‍ നിന്ന് നിശ്ചിത തുക ഈടാക്കിയാണ് പല വിദ്യാലയങ്ങളും വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ പണമില്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് അവസരം നഷ്ടമാകുന്ന സാഹചര്യം നിലവിലുണ്ട്. ഇതൊഴിവാക്കാനാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടി അവസരം ലഭ്യമാകുന്ന തരത്തില്‍ മാത്രമേ ഇത്തരം യാത്രകള്‍ നടത്താവൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ള യാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സ്കൂള്‍ പി.ടി.എ കമ്മിറ്റികള്‍ കണ്ടെത്തണം. ബാലാവകാശ കമ്മിഷന് ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് നിര്‍ദേശം . ചരിത്ര – പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങടക്കം ഒരു വിഭാഗം കുട്ടികള്‍ സന്ദര്‍ശിക്കുകയും അനുഭവങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. പണമില്ലാത്തതിന്റെ പേരില്‍ ഒരു വിഭാഗത്തിന് ഈ അവസരം നഷ്ടമാവുകയാണെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിൽ കുറിച്ചു .ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.
ഓണം, ക്രിസ്തുമസ്, റംസാന് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,
വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണല്ലോ. എന്നാല്‍ ഓണം, ക്രിസ്മസ്, റംസാന് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സ്കൂളുകളില്‍ പരിപാടികള്‍ നടക്കുമ്ബോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.
അതുകൊണ്ട്, ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തില്‍ കൂടുതല്‍ സന്തോഷവും വര്‍ണ്ണാഭമായ ഓര്‍മ്മകളും നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതിനു വ്യത്യസ്ത പ്രതികാരങ്ങളാണ് കമന്റുകളായി വരുന്നത്…
പക്വത വന്നിട്ടില്ലാത്ത ചെറിയ കുട്ടികളുള്ള ക്ലാസ്സുകളിൽ ഈ തീരുമാനം ശരിയാണെന്ന് അഭിപ്രായമില്ല.
കാശുള്ള വീട്ടിലെ കുട്ടികൾ ഉത്തരം ദിവസങ്ങളിൽ വസ്ത്രങ്ങളിൽ ആഡംബരം കാണിച്ചേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലെ കുട്ടികൾക്ക് അവരുടെ വസ്ത്രവുമായി താരതമ്യം ചെയ്യുമ്പോൾ അത് മനപ്രയാസം ഉണ്ടാക്കുകയും ചെയ്തേക്കാം.
എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍.