ഇനി തോക്ക് കൊണ്ടുള്ള കളി പഠിപ്പിക്കാൻ ”ഇവാൻ ആശാൻ” എത്തുന്നു; ട്രാക് മാറ്റിപ്പിടിച്ച് വിനീത് ശ്രീനിവാസൻറെ ആക്ഷൻ ത്രില്ലർ ”കരം”

ഗംഭീര ആക്ഷൻ സീനുകളോടെയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ എന്ന സിനിമയുടെ ട്രെയിലർ വന്നിട്ടുള്ളത്. വിനീത് തന്റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകുന്നത്. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവിന്റേതായി എത്തിയ പോസ്റ്റർ മുന്‍പ് വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ട്രെയ്ലറും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഏറ്റവും ത്രില്ലിംഗ് ആയി തോന്നിയത് കേരളാ ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുകോമ നോവിച് സിനിമയിൽ ഉണ്ടെന്നതാണ്. ഇത്തവണ ആശാന്റെ കയ്യിൽ പന്തല്ല, പകരം തോക്കാണ് ഉള്ളത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ വുകോമ നോവിചിന്റെ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻമാരിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് ഇവാൻ ആശാൻ. അദ്ദേഹത്തിന് കേരളാ ബ്ളാസ്റേറ്ഴ്സുമായുള്ള ബന്ധവും ഏറെ വൈകാരികമായിരുന്നു. ബ്ലാസ്റ്റേഴ്സ് വിട്ടതിൽ പിന്നെ ഇവാൻ ആശാൻ മറ്റൊരു ടീമിനേയും പരിശീലിപ്പിച്ചിട്ടില്ല. അതിനിടെയാണ് മലയാള സിനിയിലേക്ക് ആശാൻ എത്തുന്നത്.
സെപ്റ്റംബർ 25 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് ശ്രീനിവാസൻ സാധാരണ ചെയ്യാറുള്ളത്. ഇപ്പോൾ ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.
വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിംഗ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ട് മാത്രമാണ് കൊച്ചിയിൽ നടന്നത്.
ഈ സിനിമയിൽ ചെന്നൈ ഇല്ലെന്നതും സിനിമ പ്രേമികൾക്ക് ആശ്വാസമാണ്. പതിവ് ശൈലിയിൽ നിന്നും മാറിയുള്ള ആക്ഷൻ ത്രില്ലർ സിനിമ ആണെന്നുള്ളത് ഉറപ്പാണ്. മറ്റൊരു പ്രധാന കാര്യം ഇതിൽ ഫ്രം ദി ഡയറക്ടർ ഓഫ് തിര എന്നാണ് എഴുതി കാണിക്കുന്നത്. അതിൽ ഉണ്ട് സിനിമയെ കുറിച്ചുള്ള എല്ലാം. 2013 ൽ റിലീസായി തിയേറ്ററിൽ പരാജയമായി മാറിയ സിനിമയാണ് തിര. പക്ഷെ അതൊരു മികച്ച സിനിമ തന്നെയായിരുന്നു. ഹിറ്റ് സിനിമകൾ ഉണ്ടായിട്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരുന്ന തിരയുടെ ഡയറക്ടർ എന്ന് വിനീത് ശ്രീനിവാസൻ അഭിമാനത്തോടെ പറയണമെങ്കിൽ ഈ സിനിമയിൽ പ്രതീക്ഷക്ക് വകയുണ്ട് എന്ന് തന്നെ കരുതാം.
സിനിമയുടെ വിജയത്തിൽ, അല്ലെങ്കിൽ തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ പോകുന്നത് ആശാന്റെ സാന്നിധ്യം തന്നെ ആയിരിക്കും. ഇവാൻ ആശാൻറെ പോസ്റ്ററിലെ വേഷം കണ്ട് ഷെഫ് ആണോ എന്ന് ചോദിക്കുന്നവർക്ക് ട്രെയിലറിൽ അതിനുള്ള മറുപടിയുണ്ട്. കയ്യിൽ തോക്കുമായി മാസ് ലുക്കിലാണ് ആശാന്റെ വരവ്.
വിനീത് ശ്രീനിവാസൻ പങ്ക് വെച്ച ട്രെയ്ലർ പോസ്റ്റിന് താഴെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ബ്ലാസ്റ്റേഴ്സ് വിട്ടെങ്കിലും ആശാൻ കേരളം വിട്ടു പോകില്ലെന്നും, മഞ്ഞപ്പട തിയേറ്ററിൽ പ്രകമ്പനം കൊള്ളിക്കും എന്നൊക്കെയാണ് കമന്റുകൾ.
ട്രെയ്ലർ എന്തായാലും ഗംഭീരമായിട്ടുണ്ട്. ഇനി സിനിമയുടെ മേക്കിങ് എങ്ങനെ ആയാലും ഇനീഷ്യൽ കളക്ഷൻ തകർക്കും. അതാണ് ഇവാൻ ആശാൻറെ ഫാൻസ് പവർ.