ടിക് ടോക് വെബ്സൈറ്റിൽ ആക്സസ് കിട്ടിയതോടെ ആരാധകർ ആവേശത്തിൽ; ജനപ്രിയ ചൈനീസ് ആപ്പ് തിരികെയെത്തുമോ??

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 2020- ലെ സോഷ്യൽ മീഡിയ രാജാവായിരുന്ന ടിക് ടോക് തിരികെ ഇന്ത്യയിലെത്തുമെന്നതാണ്. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബുമെല്ലാം ഇനി ടിക് ടോക്കിന് വേണ്ടി വഴി മാറി കൊടുക്കേണ്ടി വരുമോ എന്നതാണ് ഇപ്പോളത്തെ ചോദ്യം. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതാണ് ഇപ്പോൾ വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നത്.
വാർത്തകൾ ശരിയാണെങ്കിൽ ഷോർട്ട്-വീഡിയോ ആപ്പിന്റെ മടങ്ങി വരവ് ഇന്ത്യയിലെ സോഷ്യൽ മീഡിയ ലോകത്ത് വലിയ മാറ്റങ്ങൾ വരുത്തും.
ഡാറ്റ പ്രൈവസിയെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് 2020 ജൂണിൽ ടിക് ടോക് എന്ന ആപ്പിനെ ഇന്ത്യയിൽ നിന്ന് ഓടിച്ച് വിട്ടത്. നരേന്ദ്ര മോദി സർക്കാർ ടിക് ടോക്കും മറ്റ് 58 ചൈനീസ് ആപ്പുകളും നിരോധിക്കുകയായിരുന്നു. കോവിഡ് കാലത്ത് ജനപ്രിയമായ ഈ ചൈനീസ് ആപ്ലിക്കേഷനിൽ ഇന്ത്യയിൽ നിന്ന് മാത്രം 200 മില്യണിൽ അധികം ഉപയോക്താക്കളുണ്ടായിരുന്നു.
ടിക് ടോക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് അടുത്തിടെ പരിശോധിച്ചപ്പോൾ, മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ഈ വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയുണ്ട്. എങ്കിലും പലരും പറയുന്നത് ഇപ്പോഴും ഇത് തുറക്കാൻ സാധിക്കുന്നില്ല എന്നതാണ്. അവർക്ക് ഹോംപേജ് ആക്സസ് ചെയ്യാൻ കഴിഞ്ഞുവെന്നും പക്ഷേ മറ്റ് പേജുകളൊന്നും ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല എന്നുമായിരുന്നു റിപ്പോർട്ട്. ഇത് ഇന്ത്യയിൽ ടിക് ടോക്കിന്റെ ഘട്ടംഘട്ടമായുള്ള റീലോഞ്ചിംഗിനെ സൂചിപ്പിക്കുന്നതാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ പറഞ്ഞത്.
എന്നാൽ ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഇതിന്റെ ആപ്പ് ഇപ്പോഴും ലഭ്യമല്ല. അതായത് ആപ്ലിക്കേഷന് പകരം വെബ്സൈറ്റ് മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ആപ്പ് ഔദ്യോഗികമായി തിരിച്ചെത്തി എന്നത് തീർച്ചയാക്കാൻ കഴിയില്ല.
ഈ ആഴ്ച ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രിയുമായും വിദേശകാര്യ മന്ത്രിയുമായും ചർച്ച നടത്തിയതാണ് ടിക് ടോക് വീണ്ടും ചർച്ചയാകാൻ കാരണം. കൂടാതെ എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഈ മാസം അവസാനം ചൈന സന്ദർശിക്കുന്നുണ്ട്. ഈ നയതന്ത്ര നീക്കങ്ങൾ മൂലം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. ഇത് ടിക് ടോക്ക് പോലുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മടങ്ങി വരവിലേക്കും വഴി തെളിച്ചേക്കും എന്നാണ് കണക്ക് കൂട്ടൽ.
ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് ടിക് ടോക്കിൽ നിന്നോ അതിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ടിക് ടോക്കിനെ അൺബ്ലോക്ക് ചെയ്യാനുള്ള ഒരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്നും ടിക് ടോക് നിരോധനം നീക്കിയെന്ന തരത്തിൽ പുറത്തുവരുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്.
ഇതൊക്കെയാണെങ്കിലും വെബ്സൈറ്റിന്റെ തിരിച്ചുവരവ് സംബന്ധിച്ച വാര്ത്ത തന്നെ, ആരാധകർക്കിടയിൽ ആവേശം തീർത്തിരിക്കുകയാണ്. ടിക് ടോക്കിന് ഇന്ത്യയിൽ ഉണ്ടായിരുന്ന സ്വാധീനം അത്രകണ്ട് വലുതായിരുന്നു. 2020- ൽ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിനെ തുടർന്നാണ് ടിക് ടോക് അടക്കമുള്ള ആപ്പുകളെ ഇന്ത്യയിൽ നിരോധിച്ചത്.