അമേരിക്ക അധിക തീരുവ ചുമത്തിയ തീരുമാനം പ്രാബല്യത്തിലായതോടെ, നഷ്ടം മറികടക്കാന്‍ മറുതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയ്ക്കെതിരെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയ തീരുമാനം പ്രാബല്യത്തിലായതോടെ, നഷ്ടം മറികടക്കാന്‍ മറുതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയെ ചൊല്ലി ഇന്ത്യ – അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്ര തിരിക്കും. മറ്റു രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി 40 ഓളം രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ബ്രിട്ടന്, ദക്ഷിണ കൊറിയ, ജപ്പാന്, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. വസ്ത്രോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍.
ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാണ്ട് ആറ് ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടെക്സ്റ്റൈല്‍സിന് പുറമെ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍, തോല് ഉത്പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്തും. ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കും . രണ്ടു ദിവസം ജപ്പാനില്‍ നടത്തുന്ന ചർച്ചകളില്‍ വ്യാപാര രംഗത്തെ സഹകരണവും ഉയർന്നു വരും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഇതിന് ശേഷം ജപ്പാനില്‍ നിന്നും പ്രധാനമന്ത്രി മോദി, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ പ്രത്യേക ചർച്ചയൊന്നും ഇതുവരെയും നിശ്ചയിച്ചിട്ടില്ല. പക്ഷേ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളില്‍ വിഷയം ഉയർന്നുവരുമെന്ന് ഉറപ്പാണ്. ബ്രിക്സ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിലും നടക്കുമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം അമേരിക്ക ചുമത്തിയ അധിക തീരുവ സാഹചര്യം കേന്ദ്ര സർക്കാർ വിലയിരുത്തി. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകള്‍ തുടരുകയാണ്. അമേരിക്കയില്‍ നിന്നും മാറി കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുക എന്ന നിർദ്ദേശമാണ് വ്യവസായികളും പ്രധാനമായും മുന്നോട്ട് വച്ചത്. ഇന്ന് കൂടുതല്‍ ചർച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതി കൂട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്ന് മുൻ വിദേശകാര്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഹർഷ് വർദ്ധൻ ഷിംഗ്ള വ്യക്തമാക്കിയിട്ടുണ്ട്. നാല്‍പ്പത് രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി നടത്താനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഒക്ടോബറോടുകൂടി യാഥാർത്ഥ്യമാക്കാനുള്ള നീക്കവും ഇന്ത്യയുടെ ഭാഗത്ത് നിന്നും സജീവമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ജി ഡി പി വളർച്ചയെ ബാധിക്കാൻ ഇടയുള്ള ട്രംപിന്റെ അധിക തീരുവ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേർന്നിരുന്നു. ടെക്സ്റ്റൈല്‍സ് അടക്കമുള്ള മേഖലകളെ പ്രഖ്യാപനം ബാധിച്ചു കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ തീരുവ വലിയ തോതില്‍ ബാധിക്കുന്ന ടെക്സ്റ്റൈല്‍, സമുദ്രോല്‍പ്പന്ന മേഖലകള്‍ക്കടക്കം കേന്ദ്ര സർക്കാർ സഹായം നല്കാൻ തീരുമാനിച്ചിട്ടുണ്ട്. 25 ശതമാനം പിഴ തീരുവയടക്കം മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയത്.
റഷ്യ – യുക്രൈൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് റഷ്യയുടെ സാമ്ബത്തിക നേട്ടത്തിന് വേണ്ടിയാണെന്നും ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ തീരുവ നടപടിയെന്നാണ് ട്രംപ് ആദ്യം വിശദീകരിച്ചത്. എന്നാല്‍ ഇന്ന് കൂടുതല്‍ പ്രതികരണവുമായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് രംഗത്തെത്തി. ഇന്ത്യക്കുള്ള അധിക തീരുവ റഷ്യൻ എണ്ണയുടെ പേരില്‍ മാത്രമല്ലെന്ന് സമ്മതിച്ച അമേരിക്ക, വ്യാപാര കരാർ ചർച്ച ഇന്ത്യ അനാവശ്യമായി നീട്ടിയതും കാരണമാണെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ ചില വിഷയങ്ങളില്‍ കടുംപിടുത്തം പിടിക്കുകയാണ്. മേയില്‍ ഒപ്പിടുമെന്ന് പ്രതീക്ഷിച്ച കരാറാണ് ഇത്രയും നീണ്ടതെന്നും യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് കുറ്റപ്പെടുത്തി.
എന്നാൽ ഇന്ത്യയ്ക്ക് ഉത്പന്ന വിപണി വിവിധ രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ച് വിപുലീകരിക്കാനാണ് നീക്കം. ഇതോടൊപ്പം രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.