എന്താണ് അമീബിക് മസ്തിഷ്കജ്വരം …..എങ്ങിനെയാണ് അമീബിക് മസ്തിഷ്കജ്വരം പിടിപെടുന്നത്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, അസാധാരണമല്ലാത്ത ക്ഷീണം എന്നിവയും കാണാറുണ്ട്
മലിനമായ കുളത്തിൽ കുളിക്കരുത്പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്.കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം.
രണ്ടു വർഷം മുൻപുവരെ കണ്ടതിൽനിന്ന് രോഗത്തിന് വളരെയേറെ മാറ്റമെന്ന് വിദഗ്ധർ. നെഗ്ലേരിയ ഫൗളേരി അമീബകളിൽ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് കുറച്ചുവർഷം മുൻപുവരെ കണ്ടിരുന്നത്. എന്നാൽ, ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ് ഇപ്പോൾ വ്യാപകമായുള്ളത്.അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.
എന്നാൽ അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകൾ ജലകണികകൾ ശ്വസിക്കുന്നത് വഴിയും വൃത്തിഹീനമായ ജലസ്രോതസ്സുമായുള്ള സമ്പർക്കത്തിലൂടെ തൊലിപ്പുറത്തെ മുറിവുകൾ വഴി രക്തത്തിലേക്ക് കലർന്ന് രക്തത്തിലൂടെ തലച്ചോറിലെത്തുകയും ചെയ്യുന്നതായുമാണ് വിലയിരുത്തപ്പെടുന്നതെന്നും ഡോ. പറയുന്നു. എന്തുകൊണ്ടാണ് ജലസ്രോതസ്സുകളിൽ ഈ അമീബയുടെ സാന്നിധ്യം വർധിച്ചതെന്നതിൽ വ്യക്തമായ കാരണം കണ്ടെത്തിയിട്ടില്ല. കൂടുതൽ പഠനം നടത്തുകയും ഇത്തരം അമീബകളുടെ വ്യാപനത്തിന് കാരണമായവ ഇല്ലാതാക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ, ജലസ്രോതസ്സുകൾ മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യണം.
ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെടുന്നത് രോഗം വർധിക്കാൻ കാരണമാകുന്നതായാണ് മനസ്സിലാക്കുന്നത് . കോളിഫോം ബാക്ടീരിയ കൂടുതലുള്ള ജലത്തിൽ ഇത്തരം അമീബകളുടെ സാന്നിധ്യവും കൂടുതലായി കണ്ടുവരുന്നുണ്ട്. കൃത്യമായ ഓവുചാൽ സംവിധാനമില്ലാത്തതും അടുത്തടുത്ത് വീടുകളുള്ളതിനാൽ സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള വെള്ളം കിണറുകളിൽ കലരാൻ ഇടയാകുന്നതുമെല്ലാം രോഗം വർധിക്കാൻ കാരണമായി വിലയിരുത്തലുണ്ടെന്നും ആസ്റ്റർ മിംസിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ. അനൂപ് പറഞ്ഞു.