ഉംറ കഴിഞ്ഞ് വന്ന മുസ്ലീം തീർത്ഥാടകരെ തൊപ്പി ഊരിപ്പിച്ച്, ജയ് ശ്രീറാം വിളിപ്പിച്ചു; ഡൽഹിയിൽ തീവ്ര ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം

ഇസ്ലാമിലെ പുണ്യകർമ്മമായ വിശുദ്ധ ഉംറ നിര്‍വഹിച്ച് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ മുസ്ലിം വിശ്വാസികളെ തീവ്രഹിന്ദുത്വവാദികള്‍ വീണ്ടും ജയ് ശ്രീറാം വിളിപ്പിച്ചിരിക്കുന്നു. ഡല്‍ഹിയിലെ യമുന ബസാറില്‍ ഹനുമാന് ക്ഷേത്രത്തിന് സമീപം ,കഴിഞ്ഞദിവസം ആണ് സംഭവം നടന്നത്.
വിശ്വാസികളെ തടഞ്ഞുവയ്ക്കുകയും ചിലരുടെ തൊപ്പി ഊരി മാറ്റിയ ശേഷം ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലിസ് നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
താടിയും തൊപ്പിയും ധരിച്ച പ്രായംചെന്ന തീര്‍ത്ഥാടകരോട് ഈ അക്രമികള്‍ തട്ടിക്കയറുന്നതും ചിലരുടെ തൊപ്പി ഊരുമാറ്റുന്നതുമാണ് വിഡിയോയിലുള്ളത്. യാത്രക്കാരുടെ തൊപ്പികള്‍ ഊരിമാറ്റി, അവരെ ബലമായി ക്ഷേത്രപരിസരത്തേക്ക് കൊണ്ടുപോകുന്നു. അവരെ നിര്‍ബന്ധിച്ച് ഭൂമിയെ തൊട്ട് വണങ്ങാന്‍ ആവശ്യപ്പെടുന്നതും കാണാം. ക്ഷേത്രത്തിന് അടുത്തേക്ക് പോകുമ്പോള്‍ വയോധികര്‍ ജയ് ശ്രീ റാം വിളിക്കുന്നതും ശേഷം ഭൂമിയില്‍ വണങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
ന്യൂഡല്‍ഹിയില്‍ നിന്ന് മിനി ബസില്‍ അവരുടെ ജന്മനാടായ സഹാറന്‍പൂരിലേക്ക് മടങ്ങുന്നതിനിടെ യമുന ബസാറില്‍ ഭക്ഷണം കഴിക്കാന്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ഈ വിശ്വാസികൾ ആക്രമിക്കപ്പെട്ടത്.
വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവാക്കളില്‍ ഒരാള്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലിം യാത്രക്കാരെയും ഡ്രൈവറെയും ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോ വൈറലായതിന് പിന്നാലെ, സംഭവത്തില്‍ മാപ്പ് ചോദിച്ചുള്ള സിദ്ധാര്‍ത്ഥ് ശര്‍മ്മയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഈ വിഡിയോ പങ്കുവച്ച് പലരും ഡല്‍ഹി പൊലിസിനെ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്.
ഇത് കുറച്ച് വര്‍ഷങ്ങളായി നടക്കുന്ന ഒരു സംഭവമാണ്. നേരത്തെയൊന്നും ഈ നിർബന്ധിച്ചുള്ള ജയ് ശ്രീറാം വിളികൾ ഉണ്ടായിരുന്നില്ല. ഹിന്ദുത്വ ശക്തികൾ രാജ്യം ഭരിക്കുമ്പോൾ, തങ്ങൾക്ക് എന്തും കാണിക്കാം എന്നൊരു ചിന്തയിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത്.
നേരത്തെ മേഘാലയയിലെ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മാവ്ലിനോങ് പ്രദേശത്തുള്ള ഒരു ക്രിസ്ത്യൻ പള്ളിയില്‍ കയറി ഒരാൾ ജയ് ശ്രീറാം അടക്കമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. ആകാശ് എന്നയാൾ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെ അള്‍ത്താരയില്‍ കയറിയ ആകാശ് മൈക്കിന് മുന്പില് ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ഇടയ്ക്കിടെ പറയുകയും ചെയ്യുന്നുണ്ട്. ഇയാള്‍ ക്രൈസ്തവ ഭക്തിഗാനങ്ങള്‍ മോശമായ രീതിയിൽ പാടുകയും ചെയ്തു.
മുസ്ലീം പള്ളിക്കകത്ത് കയറി ജയ്ശ്രീറാം വിളിച്ചെന്നാരോപിച്ച രണ്ട് പേര്‍ക്കെതിരായ നടപടികള്‍ കർണാടക കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിൽ, പള്ളിയിൽ കയറി ജയ് ശ്രീറാം വിളിക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റമാകുമെന്ന് സുപ്രീംകോടതിയും ചോദിച്ചിരുന്നു. അവര്‍ ഒരു പ്രത്യേക മതത്തിന്റെ പേരോ വാക്യമോ വിളിച്ചു, അതൊക്കെയെങ്ങനെയാണ് കുറ്റകരമാകുന്നത് എന്നാണ് കോടതി ചോദിച്ചത്.
ഹൈദർ അലി എന്നയാളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ അയാളെ പരിഹസിക്കുന്ന രീതിയിലായിരുന്നു കോടതി ബെഞ്ച് കാര്യങ്ങൾ പറഞ്ഞത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനൊന്നിനും ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ബജ്റംഗ്ദള്‍ അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള നവാബ് അബ്ദുള്‍ സമദിന്റെ ശവകുടീരം ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
1000ത്തോളം പേരാണ് കാവിപ്പതാകയുമേന്തി ശവകുടീരത്തിലെത്തിയത്. തുടര്‍ന്ന് വടികള്‍ ഉപയോഗിച്ച് ശവകുടീരം ആക്രമിക്കുകയായിരുന്നു. ജയ് ശ്രീറാം വിളിച്ച് കൊണ്ട്, ശവകുടീരത്തിന് മുകളിൽ കയറി കാവിക്കൊടി നാട്ടുകയും ചെയ്തു.
നമ്മുടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഇല്ലെങ്കിലും, സമീപ ഭാവിയിൽ ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഏറി വരികയാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപി ഇവിടെ വളരുന്നതിനേ ആർക്കും തടയായാനാകില്ല. എന്നാൽ അതിനേക്കാൾ വേഗത്തിൽ വളരുന്ന ഒന്നാണ് തീവ്ര ഹിന്ദുത്വ. അത് വരുത്തി വെക്കുന്ന ഡാമേജുകൾ കാണാൻ പോകുന്നതേയുള്ളൂ.