കെഎസ്ഇബിയില്‍ പ്രശ്ന പരിഹാരം: സമരം അവസാനിപ്പിച്ചെന്ന് ഓഫീസേഴ്സ് അസോസിയേഷൻ
കെഎസ്ഇബി മാനേജ്മെന്റും ഇടതു സംഘടനയും തമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം. വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി സംഘടനാ നേതാക്കളുടെ സ്ഥലംമാറ്റം പുനഃപരിശോധിക്കാന്‍ ധാരണയായി. സൗകര്യപ്രദമായ സ്ഥലത്ത് നിയമനം നല്‍കുന്നതിന് ബോര്‍ഡ് അനുകൂല നിലപാടെടുത്തു. സംഘടനാ പ്രവര്‍ത്തനത്തിന് സ്വാതന്ത്യം ഉണ്ടാകുമെന്നും മാനേജ്മെന്റ് ഉറപ്പ് നല്കി. ആഴ്ച്ചകളായി തുടര്‍ന്ന് വരുന്ന പ്രക്ഷോഭ പരിപാടികള്‍ അവസാനിപ്പിച്ചെന്ന് ഓഫിസേസ് അസോസിയേഷന് അറിയിച്ചു.
തിരുവനന്തപുരത്തെ വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് സംസ്ഥാന സുരക്ഷാസേനയെ വിന്യസിച്ചതു മുതല്‍ തുടങ്ങിയ പ്രത്യക്ഷ സമരത്തിനാണ് അവസാനമാകുന്നത്. വിവിധ കാരണങ്ങളില്‍ തെറ്റിപ്പിരിഞ്ഞിരുന്ന സംഘടനാ നേതാക്കളും ബോര്‍ഡ് നേതൃത്വവും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാര ഫോര്‍മുലയിലേക്ക് എത്തിയത്. പ്രശ്നം പരിഹരിക്കേണ്ട ചുമതല കോടതി വിധിപ്രകാരം ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്കുമാര്‍ സിന്‍ഹയ്ക്ക് ആയതിനാല്‍ ഇന്നോ നാളെയോ അസോസിയേഷന് നേതാക്കളുമായി ചര്‍ച്ച നടത്തി രേഖാമൂലം തീരുമാനം അറിയിക്കുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.
ഹൈക്കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഡയസ്നോണ്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണെന്നു ബോര്‍ഡ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായി എന്ത് ചെയ്യാന്‍ സാധിക്കും എന്ന് പരിശോധിക്കാന്‍ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടു മന്ത്രി നിര്‍ദേശിച്ചു.
Content Highlight: KSEB Officers Association withdraw protest after meeting with management