തമിഴ്നാട്ടിലും തരംഗമായി മാറുന്ന വേടൻ; മാരി സെൽവരാജ് – വേടൻ കൂട്ടുകെട്ടിനെതിരെ സംഘപരിവാറിൻറെ സൈബർ ആക്രമണം

പുതിയ തമിഴ് സിനിമയായ ബൈസണിൽ ഒരു കിടിലൻ പാട്ടുമായി എത്തുകയാണ് ഹിരൺദാസ് മുരളി എന്ന വേടൻ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഒരു ഇടിവെട്ട് പൊളിറ്റിക്കൽ പാട്ടുമായി എത്തിയിരിക്കുകയാണ് വേടൻ.
റിലീസ് ചെയ്ത് 6 മണിക്കൂറിന് ഉള്ളിൽ തന്നെ മൂന്ന് ലക്ഷത്തോളം പേർ കണ്ട വീഡിയോ സൂപ്പർ ഹിറ്റ് ആയി മാറിയിരുന്നു. ഇപ്പോൾ ഇതിന് മൂന്നര മില്യൺ കാഴ്ചക്കാരാണ് ഉള്ളത്. റെക്ക റെക്ക എന്ന ഗാനം ഇതോടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് കഴിഞ്ഞു.
നടൻ ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിൽ ‘റെക്ക റെക്ക’ എന്ന ഗാനമാണ് വേടൻ പാടിയിരിക്കുന്നത്. സെൽവരാജും തമിഴ് റാപ്പർ അറിവും ചേർന്നാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. വേടനൊപ്പം അറിവും പാടിയിട്ടുണ്ട്.
എന്നാൽ റാപ്പര്‍ വേടനുമായി സഹകരിച്ചതിൽ തമിഴ് സംവിധായകൻ മാരി സെൽവരാജിനെതിരെ സൈബര്‍ ആക്രമണം ശക്തമായി നടക്കുകയാണ്. സെൽവരാജിന്റെ ‘ബൈസൺ’ എന്ന ചിത്രത്തിലുള്ള വേടന്റെ പാട്ട് റിലീസ് ചെയ്ത ശേഷമാണ് സൈബർ ആക്രമണം തുടങ്ങിയത്.
വേടനെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ നിലവിലുള്ള സാഹചര്യത്തിൽ അദ്ദേഹവുമായി സംവിധായകൻ സഹകരിച്ചത് വേദനയുണ്ടാക്കുന്നു എന്നാണ് വിമര്‍ശനം. ചൊവ്വാഴ്ചയാണ് റെക്ക റെക്ക ഗാനം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കിയത്. ഒക്ടോബര്‍ 17നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
മാരി സെൽവരാജിനെ മാത്രമല്ല, ലൈംഗിക ആരോപണം നേരിടുന്ന നടൻ ജോൺ വിജയ്ക്കൊപ്പം പ്രവർത്തിച്ചതിന് സംവിധായകൻ പാ രഞ്ജിത്തിനെയും നെറ്റിസൺസ് വിമര്‍ശിച്ചു. “പാ രഞ്ജിത്തും മാരി സെൽവരാജും ജോൺ വിജയ്, വേടൻ തുടങ്ങിയ കലാകാരൻമാരുമായി സഹകരിക്കുന്നത് തുടരുന്നു. അവർ പോരാടുന്ന അതേ ശത്രുക്കളുമായി ഒരുമിക്കുന്നത് അസ്വീകാര്യമാണ് ” എന്നാണ് ഒരാൾ പറയുന്നത്.
വേടനെപ്പോലുള്ള വേട്ടക്കാരുമായി മാരി സെൽവരാജ് പ്രവര്‍ത്തിക്കുന്നത് അത്യന്തം നിരാശാജനകമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. കഞ്ചാവ് ഉപയോഗിക്കുന്ന റേപ്പിസ്റ്റായ ഒരുത്തനെ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത്? പീഡന വീരനെ ചുമക്കേണ്ടതുണ്ടോ. മാരി സെൽവരാജിന്റെ ഇത്തരം നീക്കങ്ങൾ തികച്ചും അപലപനീയം എന്നാണ് എക്സ് അടക്കമുള്ള സോഷ്യൽ മീഡിയ വാളുകളിൽ ഉയരുന്ന വിമർശനം.
എന്തായാലും വേടനെ തമിഴ് നാട്ടുകാർ ഏറ്റെടുത്ത് കഴിഞ്ഞു എന്നുതന്നെ പറയേണ്ടി വരും. വേടൻ മുന്നോട്ട് വെക്കുന്ന അംബേദ്ക്കർ രാഷ്ട്രീയം, ജാതീയതക്ക് എതിരെയുളള വരികൾ, അതൊക്കെ അവിടെ ചർച്ചയായി മാറും.
വേടനെ കൂടെ നിർത്തുന്ന മാരി സെൽവരാജൂം നിസ്സാരക്കാരനല്ല. വിശപ്പ്, അധ്വാനം, അധികാരം, ഭൂമി എന്നിവയിൽ ഊന്നിയുള്ള രാഷ്ട്രീയക്കാഴ്ചകളാണ് മാരി സെൽവരാജ് ചിത്രങ്ങൾ എല്ലാം. പരിയേറും പെരുമാൾ, കർണൻ, മാമന്നൻ, വാഴൈ എന്നീ സിനിമകളിൽ ഒക്കെ അത് കാണാം.
ജീവിതത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘വാഴൈ’ ഒരുക്കിയത്. സിനിമയിലുണ്ടാകുന്ന അപകടം മാരി സെൽവരാജിന്റെ ജീവിതത്തിൽ ഉണ്ടായതാണ്. ആ അപകടം തന്റെ സഹോദരിയുടെയടക്കം 20 പേരുടെ ജീവനെടുത്തിരുന്നു. തോട്ടത്തിൽനിന്ന് വാഴക്കുലയും എടുത്ത് കൊണ്ട് കാതങ്ങൾ താണ്ടി ലോറിയിലെത്തിക്കുന്ന തൊഴിൽ കുട്ടിയായിരിക്കുമ്പോൾ മാരി സെൽവരാജിനും ചെയ്യേണ്ടി വന്നിട്ടുണ്ട്.
തമിഴിലെ പൊളിറ്റിക്കൽ ഫിലിം മേക്കർമാരിൽ ഏറ്റവും മിടുക്കുള്ളയാളായി മാരി സെൽവരാജിനെ തന്നെയാണ് എല്ലാവരും കാണുന്നത്. ജീവിതത്തിലെ ഇല്ലായ്മയും, ഉയർന്ന ജാതിക്കാരിൽ നിന്നും നേരിടുന്ന കടുത്ത അവഹേളനങ്ങളുമെല്ലാം സെൽവരാജിന്റെ സിനിമയിലെ വിഷയങ്ങളാണ്. മാരിയുടെ മുൻസിനിമകളുടെ രാഷ്ട്രീയ അടിത്തറ അംബേദ്കറായിരുന്നു. എന്നാൽ, വാഴൈയിൽ കൂടി അത് കമ്യൂണിസത്തിലേക്ക് എത്തുകയാണ്.
ജാതിയും മതവും മാനവികതയ്ക്ക് എതിരാണ് എന്ന ടൈറ്റിലോടെയാണ് പരിയേറും പെരുമാൾ എന്ന സിനിമ ആരംഭിക്കുന്നത്. ജാതി മേൽക്കോയ്മ നിലനിൽക്കുന്ന നാട്ടിൽ ഒന്നും മാറില്ലെന്ന നിരാശ പ്രതിഫലിച്ചാണ് ആദ്യ ചിത്രം അവസാനിച്ചതെങ്കിൽ സംവിധായകൻ ആഗ്രഹിച്ച സാമൂഹ്യമാറ്റങ്ങൾക്ക് പിന്നീടുള്ള സിനിമകൾ പ്രതീക്ഷ നൽകുന്നുണ്ട്. അടിച്ചമർത്തപ്പെടുന്ന ഒരു ജനത അതിനെ പ്രതിരോധിക്കാൻ തിരിച്ചടിക്കണമെന്ന് പ്രഖ്യാപിക്കുന്നതാണ് കർണ്ണൻ എന്ന സിനിമ.
ദളിത് എംഎൽഎയായ ഒരാൾ സ്വന്തം പാർടിയിൽ നേരിടുന്ന വിവേചനങ്ങളാണ് മാമന്നൻ എന്ന സിനിമയുടെ ഇതിവൃത്തം. അവകാശങ്ങൾ നേടിയെടുക്കണമെന്ന അംബേദ്കറേറ്റ് ചിന്തയും അതിൽ കടന്നു വരുന്നുണ്ട്.
ജാതിപരമായ വിവേചനങ്ങൾ കേരളത്തേക്കാൾ ശക്തമായ തമിഴ്നാട്ടിൽ, ജാതീയതക്ക് എതിരെ പോരാടി വിജയം നേടിയ ആളാണ് മാരി സെൽവരാജ്. അതുകൊണ്ട് തന്നെ വേടൻ ആരാണെന്നും എന്താണെന്നും കൃത്യമായ ബോധം അദ്ദേഹത്തിനുണ്ട്.
വിമർശനങ്ങളും ആക്രമണങ്ങളും ഒക്കെ അവഗണിച്ച് കൊണ്ട് തന്നെ ഈ കൂട്ടുകെട്ട് മുന്നോട്ട് പോകും. സംഘ പരിവാർ അണികളുടെ ഭീഷണിയിൽ പേടിച്ച് പിന്മാറുന്ന ആളല്ല സെൽവരാജ്. ഈ ഒരു സിനിമയിലൂടെ, ഈ പാട്ടിലൂടെ വേടന് തമിഴ്നാട്ടിൽ കിട്ടാൻ പോകുന്ന റീച്ചും ഗംഭീരമായിരിക്കും. ഭാഷാപരമായി നോക്കിയാൽ മലയാളത്തേക്കാൾ നന്നായി തമിഴ് സംസാരിക്കുന്ന ആളാണ് വേടൻ.